ജറൂസലേം സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: ജറുസലേമില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ.

സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്നും സംഘര്‍ഷത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. സംഘര്‍ഷമൊഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇസ്രയേല്‍, പലസ്തീന്‍ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍അക്‌സാ മോസ്‌കില്‍ പ്രാര്‍ഥനയ്ക്ക് ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടത്.

അല്‍ അക്‌സാ മോസ്‌ക് സ്ഥിതിചെയ്യുന്ന മേഖലയിലേക്കുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടര്‍ നീക്കം ചെയ്യില്ലെന്ന ഇസ്രയേലിന്റെ കടുംപിടിത്തമാണു സംഘര്‍ഷത്തിനു കാരണം. അമ്പതുവയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കേ അല്‍ അക്‌സാ മോസ്‌ക് സ്ഥിതിചെയ്യുന്ന മേഖലയില്‍ പ്രവേശനം അനുവദിക്കൂവെന്ന ഇസ്രേലി നിലപാടും അംഗീകരിക്കില്ലെന്നു പലസ്തീന്‍കാര്‍ വ്യക്തമാക്കിയിരുന്നു.

Top