ഇന്നലെ നെറ്റ് ബൗളർ, ഇന്ന് കോടികളുടെ താരം; ഉമ്രാന്റെ വഴി തെളിഞ്ഞത് ഇങ്ങനെ

ഭാഗ്യത്തിന് തന്റെ ബോളിങ്ങിന്റെ വേഗമുണ്ടാകുമെന്ന് ഉമ്രാൻ സ്വപ്നത്തിൽപോലും കരുതിക്കാണില്ല. കഴിഞ്ഞ താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇരുപത്തിരണ്ടുകാരനെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം നെറ്റ് ബോളറായി ടീമിലെത്തിക്കുകയായിരുന്നു. 10 ലക്ഷം രൂപയായിരുന്നു പ്രതിഫലം. അതുവരെ സ്വന്തം സംസ്ഥാനത്തിനായി ഒരു ട്വന്റി20യും ഒരു ലിസ്റ്റ് എ മത്സരവും കളിച്ചതായിരുന്നു പരിചയസമ്പത്ത്.

എന്നാൽ സൺറൈസേഴ്സിന്റെ പ്രധാനബോളർ തമിഴ്നാട്ടുകാരൻ ടി.നടരാജന് കോവിഡ് ബാധിച്ചത് കാര്യങ്ങൾ ഉമ്രാന്റെ വഴിക്കുതിരിച്ചുവിട്ടു. നെറ്റ് ബോളർ ടീമിലേക്കു കയറി. 3 മത്സരങ്ങളേ കളിച്ചുള്ളൂ എങ്കിലും ക്രിക്കറ്റ് ലോകത്ത് മുഴുവൻ ചർച്ചയാകാൻ ഉമ്രാന്റെ അതിവേഗ ബോളിങ്ങിനായി. 153 കിലോമീറ്ററിൽ കുതിച്ച ഉമ്രാന്റെ തീയുണ്ടകൾ ഐപിഎലിലെ ഏറ്റവും വേഗമേറിയ പന്തുകളിൽ ഇടംപിടിച്ചു. 3 കളിയിൽ നിന്ന് 2 വിക്കറ്റ് ആണ് ഐപിഎലിലെ വിശേഷം.

എന്നാൽ ഇന്ത്യൻ സിലക്ടർമാരെ പിടിച്ചു കുലുക്കാൻ ഉമ്രാന്റെ വേഗം ധാരാളമായിരുന്നു. ട്വന്റി20 ലോകകപ്പ് ടീമിനൊപ്പം നെറ്റ് ബോളറായി നിയോഗിച്ചതിനു പിന്നാലെ ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിലേക്കും തിരഞ്ഞെടുത്തു. അനായാസം പേസ് കണ്ടെത്തുന്ന നാച്ചുറൽ ബോളറായ ഉമ്രാന്റെ മൂല്യം ഇന്ത്യൻ മാനേജ്മെന്റ് മനസ്സിലാക്കിയെന്നു ചുരുക്കം. പഴക്കച്ചവടക്കാരന്റെ മകനായ, പത്താംക്ലാസ് പൂർത്തിയാക്കാത്ത ഉമ്രാൻ കണ്ണടച്ചു തുറക്കും വേഗത്തിൽ തന്റെ പ്രതിഫലം 10 ലക്ഷത്തിൽ നിന്ന് 400 ലക്ഷമാക്കുമ്പോൾ അത് കശ്മീർ താഴ്‌വരയിലെ ആയിരക്കണക്കിന് കൗമാരക്കാർക്കു ക്രിക്കറ്റിന്റെ വഴിയിൽ നടക്കാൻ പ്രചോദനമാകുമെന്ന് നിസ്സംശയം പറയാം.

ഉമ്രാനെപ്പോലെ നേട്ടമുണ്ടാക്കിയവർ വേറെയുമുണ്ട്. ഉമ്രാന്റെ ആത്മാർഥ സുഹൃത്തും സൺറൈസേഴ്സിലെ സഹതാരവുമായ അബ്ദുൽ സമദിനും 4 കോടി രൂപയുടെ കരാർ ലഭിച്ചു. 20 ലക്ഷത്തിനാണ് എസ്ആർഎച്ച് നേരത്തേ സമദിനെ വാങ്ങിയത്.

Top