കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉംറ തീര്‍ഥാടനം നാളെ പുനരാരംഭിക്കും

യുഎഇ: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉംറ തീര്‍ഥാടനം നാളെ പുനരാരംഭിക്കും. മക്കയില്‍ ഉംറ കര്‍മം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കൊവിഡ് വ്യാപനത്തെ തുടര്‍ന്നു മാര്‍ച്ച് നാലിനു നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം പുനരാരംഭിക്കുന്നത്. ഉംറ നിര്‍വഹിക്കാനുള്ള ആദ്യ സംഘം ഇന്ന് അര്‍ദ്ധരാത്രി 12 മണിയോടെ മക്കയില്‍ എത്തും.

ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 6000 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കും. 1000 തീര്‍ഥാടകര്‍ അടങ്ങുന്ന ബാച്ചുകളായാണ് ഉംറ നിര്‍വഹിക്കുക. ഓരോ ബാച്ചിനും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. 18-നും 65-നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണു ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്.

Top