റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ മാസത്തില്‍ മക്കയിലും മദീനയിലും ഉംറ തീര്‍ത്ഥാടനത്തിനും പ്രാര്‍ഥനകള്‍ക്കുമായി എത്തുന്ന വിശ്വാസികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കുന്നവര്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് ബാധയുണ്ടായി രോഗമുക്തി നേടിയവര്‍ക്കും മാത്രമേ ഇരു പള്ളികളിലും പ്രവേശനം അനുവദിക്കൂ. ഇതുപ്രകാരം മൂന്നു വിഭാഗക്കാരെയാണ് മക്കയിലും മദീനയിലും പ്രവേശിപ്പിക്കുക. വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍, ആദ്യ ഡോസ് എടുത്ത ശേഷം 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കു മാത്രമായിരിക്കും പ്രവേശനം. തവക്കല്‍നാ മൊബൈല്‍ ആപ്പില്‍ വാക്‌സിനെടുത്തതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്ക് മാത്രം അനുവാദം നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം, ഉംറ തീര്‍ത്ഥാടനം നിര്‍വഹിക്കുന്നവര്‍ക്കൊപ്പം കുട്ടികള്‍ക്ക് മക്കയില്‍ പ്രവേശനം നല്‍കില്ലെന്നും മന്ത്രാലയം പുതുക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. അതുപോലെ മക്കയിലെ മസ്ജിദുല്‍ ഹമാമിലും മദീനയിലെ മസ്ജിദുന്നബവിയിലും കുട്ടികളെ പ്രവേശിപ്പിക്കില്ല. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ലെന്നതാണ് കാരണം. കുട്ടികള്‍ പള്ളികളിലും മറ്റ് ആരാധനാ സ്ഥലങ്ങളിലും വരുന്നത് അവരുടെ ആരോഗ്യ സുരക്ഷയെ അപകടപ്പെടുത്തും എന്നതിനാലാണ് നടപടി.
റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും മക്ക, മദീന പള്ളികളില്‍ നമസ്‌ക്കാരങ്ങള്‍ നിര്‍വഹിക്കുന്നതിനും തവക്കല്‍നാ ആപ്പ് വഴി മുന്‍കൂര്‍ പെര്‍മിറ്റ് എടുക്കണം. ഉംറ തീര്‍ഥാടനത്തിന് ബുക്ക് ചെയ്യുന്നവര്‍ക്ക് രാവിലെയും രാത്രിയുമായി ഏഴ് സ്ലോട്ടുകളിലായാണ് പെര്‍മിറ്റ് നല്‍കുക. ആളുകളുടെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. അഞ്ചു നേരങ്ങളിലെ പ്രാര്‍ഥനകള്‍ക്ക് വരുന്നവരും പെര്‍മിറ്റ് എടുക്കണം. രാത്രി ഇശാ നമസ്‌ക്കാരത്തിന് പെര്‍മിറ്റെടുത്തവര്‍ക്ക് അതിനു ശേഷം നടക്കുന്ന തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.