ഉംപുണ്‍ ശക്തിയാര്‍ജിക്കുന്നു; ബുധനാഴ്ച്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കരുത്താര്‍ജിച്ച് അതിതീവ്രമാക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപുണ്‍ ബുധനാഴ്ച തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അപകട സാധ്യത മുന്നില്‍ കണ്ട് ഒഡിഷയിലും പശ്ചിമബംഗാളിലും കൂടുതല്‍ ദുരന്തനിവാരണസേനയെ വിന്യസിച്ചു.

ഒഡിഷയിലെ പാരാദ്വീപില്‍ നിന്ന് 980 കിലോമീറ്റര്‍ അകലെയാണ് ഞായറാഴ്ച വൈകുന്നേരം ഉംപുണിന്റെ സ്ഥാനം. വടക്ക് ദിശയിലാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. അതിതീവ്രചുഴലിക്കാറ്റായതോടെ ഉംപുണ്‍ ദിശമാറി വടക്ക് കിഴക്ക് നീങ്ങും. ബുധനാഴ്ച വൈകീട്ടോടെ പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒഡീഷ – പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അതിജാഗ്രത തുടരുകയാണ്. തീരമേഖലയിലുളളവരെ ഒഴിപ്പിക്കുന്നു. ദുരന്തനിവാരണസേനയുടെ 20 സംഘങ്ങളെ ഒഡിഷയില്‍ വിന്യസിച്ചു. 685 അംഗ സേനയെ ബംഗാളില്‍ നിയോഗിച്ചു. പ്രത്യേക ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. അപായ സാധ്യത മേഖലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഉംപുണ്‍ പ്രഭാവത്തില്‍ കിഴക്കന്‍ തീര സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഛത്തീസ്ഗഡിലും തെലങ്കാനയിലും മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റ് ദിശ മാറുന്നതോടെ കേരളത്തിലും മഴ കനക്കാനിടയുണ്ട്.

Top