കോഴിക്കോട്: ആരോപണങ്ങളെ ചര്‍മ്മ കനം കൊണ്ടു നേരിടാതെ സംസ്ഥാന സര്‍ക്കാര്‍ രാജിവച്ചു ജനവിധി തേടണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. പരിപൂര്‍ണ നഗ്‌നനായിട്ടും തൊലിക്കട്ടി കൊണ്ടാണ് ഉമ്മന്‍ ചാണ്ടി തുടരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളുടെ കോടതിയില്‍ ഒരു ബെഞ്ചു മാത്രമേയുള്ളു.
ബെഞ്ചു മാറി ഹര്‍ജി കൊടുക്കാന്‍ കഴിയില്ല. ഇന്‍സ്റ്റോള്‍മെന്റായി ആരോപണം നേരിടാതെ അധികാരം വിട്ടൊഴിയണമെന്നും കാനം ആവശ്യപ്പെട്ടു.
എല്‍ഡിഎഫിന്റെ മദ്യ നയം ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ സിപിഐ അഭിപ്രായം പറയില്ല. മദ്യനിരോധനമല്ല മദ്യ വര്‍ജനമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്ന നിലപാട്.
എന്തായാലും ഈ സര്‍ക്കാരിന്റെ മദ്യനയത്തോടു യോജിക്കുന്നില്ല. മദ്യ നിരോധനം നടപ്പാക്കിയിട്ടു മദ്യപാനം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യനിരോധനം കൊണ്ടു ഗുണമുണ്ടായെന്ന അവകാശം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളില്‍ നിന്നു സംഭാവന സ്വീകരിക്കുന്നതിനു സിപിഐ എതിരല്ല. എന്നാല്‍, കോഴ വാങ്ങാന്‍ പാടില്ല. കോഴയും സംഭാവനയും രണ്ടാണ്.
ടി.പി. ശ്രീനിവാസനെ തല്ലിയ എസ്എഫ്‌ഐയുടെ പ്രവൃത്തി ദേശീയതലത്തില്‍ അസഹിഷ്ണുതയ്‌ക്കെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങളെ ക്ഷീണിപ്പിക്കുമെന്നും കാനം പറഞ്ഞു. മതത്തിനോ ആചരങ്ങള്‍ക്കോ സിപിഐ എതിരല്ല. എന്നാല്‍, ന്യൂനപക്ഷ പ്രീണനത്തിനും വര്‍ഗീയതയ്ക്കും എതിരാണ്. അത്തരം സംഘടനകളുമായി സിപിഐക്കു ബന്ധമില്ല.
അതിവേഗ പാത സംബന്ധിച്ചു സിപിഎം നിലപാടു മാറ്റത്തെക്കുറിച്ച് അവരോടു ചോദിക്കുന്നതാണ് നല്ലത്. പുനരധിവാസം ഉറപ്പാക്കിയുള്ള വികസനത്തെ സിപിഐ എതിര്‍ക്കില്ല. വികസനമാണോ ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന് ഉത്തരമാണ് വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐയുടെ ജനകീയ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ കാനം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.


