മലയാളത്തിൽ ചോദ്യം തയാറാക്കാത്ത പിഎസ്‌സിയെ പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

കൊച്ചി : മലയാളത്തില്‍ ചോദ്യം തയാറാക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിക്കാത്ത പിഎസ്സിയെ പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. പിഎസ്സി പരീക്ഷകളുടെ ചോദ്യം മലയാളത്തില്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന തിരുവോണദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളം സുരക്ഷിതമല്ലെന്ന പിഎസ്‌സിയുടെ വാദം യുക്തിരഹിതമാണെന്നും ഇം​ഗ്ലീഷാണ് അരക്ഷിതമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃഭാഷയെ കുറിച്ചുള്ള മഹാത്മാ ​ഗാന്ധിയുടെ വാക്കുകൾ കേരളം മറന്നു. കുട്ടികൾ ആദ്യം പഠിക്കേണ്ടത് മാതൃഭാഷയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃഭാഷ ഔദ്യോ​ഗിക ഭാഷയായി അം​ഗീകരിക്കാമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു.

അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉമ്മൻചാണ്ടിയും രം​ഗത്തെത്തിയിട്ടുണ്ട്. സാംസ്കാരിക നായകൻ തിരുവോണ ദിനത്തിൽ ഉപവസിക്കുന്നത് നിസ്സാര കാര്യമല്ലെന്നും ഔദ്യോഗിക ഭാഷാ നിയമം പാസാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

സുഗതകുമാരി, എം കെ സാനു, ഷാജി എന്‍ കരുണ്‍, സി രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, ബി രാജീവന്‍ തുടങ്ങിയവര്‍ വീട്ടിലും ഉപവസിക്കും.

Top