ഉമ തോമസ് ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും

തിരുനനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കരുടെ ചേമ്പറിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഉമ തോമസ് രംഗത്തെത്തിയിരുന്നു. ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.

Top