ബ്രഹ്മപുരം തീപിടുത്തത്തിൽ അടിയന്തര നടപടി സ്വീകരിക്കണം; ഹൈക്കോടതിയിൽ റിട്ടുമായി ഉമ തോമസ്

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. എറണാകുളത്തെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ജീവന്റെ പ്രശ്നമായിട്ടു കൂടെ സംസ്ഥാന സർക്കാരും കോർപറേഷനും ഈ ഗുരുതര സാഹചര്യം നേരിടുന്നതിൽ പൂർണ്ണ പരാജയമെന്ന് എംഎൽഎ‌ പറഞ്ഞു. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ് (2005) പ്രകാരം ഡിസാസ്റ്റർ മാനേജ്മെന്റ് റെസ്പോൺസ് ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കടമ്പ്രയാറിലേയ്ക്ക് മാലിന്യം കലർന്ന ജലം ഒഴുകി മലിനപ്പെടുന്നതും ഹൈക്കോടതിയെ ഉമ തോമസ് എംഎൽഎ അറിയിച്ചു.

അതേ സമയം ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിതി രൂപീകരിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ്, എൻവയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണം. നാളെ മുതൽ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം എന്നും കോടതി പറഞ്ഞു.

സർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി നടപ്പിലാക്കിയത് ഉൾപ്പടെയുള്ള കാര്യങ്ങൾ അടുത്ത തവണ കേസ് കേൾക്കുമ്പോൾ അറിയിക്കാൻ കോടതി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാലിന്യ നീക്കം തടസ്സപ്പെട്ടത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊച്ചി നഗരത്തിലുണ്ടാകും അതും ഉടൻ പരിഹരിക്കാൻ ശ്രമം ഉണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു. ബ്രഹ്മപുരത്തെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും കോർപറേഷനോട് കോടതി ചോദിച്ചു. തീ പൂർണമായും അണച്ചെന്ന് കോർപ്പറേഷൻ മറുപടി നൽകി. എന്നാൽ അന്തരീക്ഷത്തിൽ ഇപ്പോഴും പുകയുണ്ടോ എന്ന് നോക്കൂ എന്ന് കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു.

Top