പി.ടിയോടുളള നിങ്ങളുടെ സ്‌നേഹത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു; നന്ദിയറിയിച്ച് ഉമയുടെ കുറിപ്പ്

ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എംഎല്‍എയുടെ വേര്‍പാടില്‍ താങ്ങായി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ഭാര്യ ഉമാ തോമസ്. പി.ടി തോമസിന്റെ ഫേസ്ബുക്ക് പേജിലാണ് ഉമാ തോമസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

തകര്‍ന്നുപോയ ഞങ്ങളെ പിടിച്ചുനിര്‍ത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്‌നേഹമാണ്. ഇടുക്കിയിലെ കോട മഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയവരുടെ സ്‌നേഹത്തില്‍ ഞാനും മക്കളും അഭയം തേടുന്നുവെന്ന് കുറിപ്പില്‍ ഉമ പറയുന്നു.

പൊതുദര്‍ശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്. ‘ഇല്ല… പി.ടി. മരിച്ചിട്ടില്ല’ എന്ന മുദ്രാവാക്യ ശകലങ്ങളില്‍ വിശ്വസിച്ച് ഞാനും മക്കളും മുന്നോട്ട് നടക്കുകയാണെന്നും ആശ്വാസമായി കരുത്തായി ഒപ്പമുണ്ടാകണമെന്നും പറഞ്ഞാണ് ഉമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘നന്ദി’

പി.ടി.ക്ക് കേരളം നല്‍കിയ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങള്‍ക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം. തകര്‍ന്നുപോയ ഞങ്ങളെ പിടിച്ചുനിര്‍ത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്‌നേഹമാണ്. ഇടുക്കിയിലെ കോട മഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയവരുടെ സ്‌നേഹത്തില്‍ ഞാനും മക്കളും അഭയം തേടുന്നു!

കമ്പംമേട് മുതല്‍ ഇടുക്കിയിലെ പാതയോരങ്ങളില്‍ തടിച്ചുകൂടിയവരുടെ കണ്ണീരില്‍ കുതിര്‍ന്ന മുദ്രാവാക്യംവിളികള്‍ ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു.കൊച്ചിയിലെ പൊതുദര്‍ശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്. രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാര സമയത്ത് ഉയര്‍ന്നുകേട്ട പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും മുദ്രാവാക്യം വിളികള്‍ ഞങ്ങള്‍ക്ക് കരുത്തുപകരുന്നു. ദു:ഖത്തിന്റെ കനല്‍ച്ചൂടിലും രാഹുല്‍ജീ, അങ്ങ് എനിക്കും മക്കള്‍ക്കും പകര്‍ന്ന ആശ്വാസം അളവറ്റതാണ്!

പി.ടി.യുടെ രോഗവിവരം അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എ.ഐ.സി.സി. പ്രസിഡന്റ് സോണിയാജിക്കും നന്ദി അറിയിക്കുന്നു. പി.ടി.ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി. രാജേഷ് കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍,കക്ഷിഭേദമന്യേ എം.പി.മാര്‍, എം.എല്‍.എമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

ചികിത്സയുടെ ഓരോ ഘട്ടത്തിലും തളരാതെ ഞങ്ങളെ ചേര്‍ത്തുപിടിച്ച എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍, അനുനിമിഷം ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ചികിത്സ ഏകോപിപ്പിച്ചുകൊണ്ടിരുന്ന കെ.സി.ജോസഫ്, എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന വയലാര്‍ജി യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, വി.എം. സുധീരന്‍, കെ.ബാബു, ബെന്നി ബെഹനാന്‍,

ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍,ഡീന്‍ കുര്യാക്കോസ് എം.പി എ ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥന്‍, വെല്ലൂര്‍ ഡി.സി.സി പ്രസിഡന്റ് ടിക്കാരാമന്‍ എന്നിവര്‍ക്ക് നന്ദി.

മമ്മൂട്ടി,സുരേഷ് ഗോപി, ടിനി ടോം, രമേശ് പിഷാരടി,എം.മുകേഷ് ധര്‍മജന്‍ ബോള്‍ഗാട്ടി, രഞ്ജി പണിക്കര്‍, ഇടവേള ബാബു, ആന്റോ ജോസഫ് അടക്കമുള്ള ചലച്ചിത്രതാരങ്ങള്‍, പ്രമുഖ വ്യവസായി എം. എ യൂസഫലി, അടക്കമുള്ള വ്യവസായ വാണിജ്യ പ്രമുഖര്‍, ശിവഗിരി മoം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മറ്റ് വൈദിക ശ്രേഷ്ഠര്‍, ജഡ്ജിമാര്‍, സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകര്‍, ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പി.ടി.ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ഡോ.രാജു ടൈറ്റസ് അടക്കമുള്ള ഓങ്കോളജി ടീം, ഡോ.ജോര്‍ജ് തര്യന്‍, ഡോ.സൂസന്‍, ഡോ.സുകേഷ്, ഡോ.അനൂപ് ദേവസ്യ, ഡോ.റോഷന്‍ വാലന്റൈന്‍, നഴ്‌സുമാര്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍, അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ഷാജി, വെല്ലുര്‍ മെഡിക്കല്‍ കോളജിലെ വൈദികര്‍ എന്നിവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു.

ചികിത്സ ഏകോപിപ്പിച്ച ഡോ.എസ്.എസ്.ലാല്‍, അമേരിക്കയിലെ ക്ലീവ് ലാന്റിലെ ഡോ.ജെയിം എബ്രാഹം, നെതര്‍ലന്റ് മുന്‍ അംബാസിഡര്‍ വേണു രാജാമണി എന്നിവര്‍ വലിയ ആശ്വാസമായിരുന്നു.
പി.ടി.ക്കൊപ്പം എന്നുമുണ്ടായിരുന്ന കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള നന്ദിയും അറിയിക്കുന്നു.

ഇടുക്കിയിലെ വസതിയില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ച ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ , സി.എസ്.ഐ.ഈസ്റ്റ് കേരളാ ബിഷപ് റവ.ഡോ.വി.എസ്. ഫ്രാന്‍സിസ്, എറണാകുളം-അങ്കമാലി അതിരൂപത മെത്രാന്‍ ആന്റണി കരിയില്‍,ഫാ.പോള്‍ തേലക്കാട്, ഉപ്പുതോട് വികാരി റവ.ഫാ.ഫിലിപ് പെരുന്നാട്ട്, മറ്റ് വൈദികര്‍ കന്യാസ്ത്രീകള്‍ തുടങ്ങിയവരോടും നന്ദി. പി.ടി.ക്കായി പ്രാര്‍ത്ഥിച്ച ആയിരങ്ങളേയും ഇവിടെ നന്ദിയോടെ ഓര്‍ക്കുന്നു.

പി.ടി.യുടെ അന്ത്യയാത്രക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയ ഇടുക്കി-എറണാകുളം ഡി.സി.സി.അദ്ധ്യക്ഷന്‍മാരായ സി. പി മാത്യു, മുഹമ്മദ് ഷിയാസ്, കൂടാതെ പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വി. ടി ബല്‍റാം എന്നിവരേയും കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരേയും സ്‌നേഹത്തോടെ സ്മരിക്കുന്നു. പി.ടി. അന്ത്യാഭിലാഷങ്ങള്‍ എഴുതി സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നത് ഡിജോ കാപ്പനെയാണ്.

മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം , രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ ഏകോപിപിച്ച കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍, എറണാകുളം കരയോഗം ഭാരവാഹികള്‍ തുടങ്ങിയവരേയും സ്‌നേഹത്തോടെ സ്മരിക്കുന്നു. പി.ടി.യുടെ ഓര്‍മ്മകള്‍ക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തില്‍ മരണമുണ്ടാകരുതേ.

”ഇല്ല.. പി.ടി. മരിച്ചിട്ടില്ല’, നിങ്ങള്‍ വിളിച്ച മുദ്രാവാക്യശകലങ്ങളില്‍ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്, ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി.

സ്‌നേഹത്തോടെ,

ഉമ തോമസ്

Top