ഉമ തോമസ് പറഞ്ഞത് വലിയ തെറ്റ്, ശ്രീജിത്ത് പി.ടിയുടെ പ്രഖ്യാപിത ‘ശത്രു’

പി.ടി തോമസിന്റെ വിധവ ഉമ തോമസിന് തൃക്കാക്കരയിൽ മത്സരിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ, അതാണ് ആദ്യം തുറന്നു പറയേണ്ടത്. അതല്ലാതെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിലകുറഞ്ഞ ‘രാഷ്ട്രീയക്കളി’ അവർ കളിക്കരുത്.

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ മേധാവിയായിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത്
പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോയെന്ന ഉമ തോമസിന്റെ സംശയം അസ്ഥാനത്താണ്. ശ്രീജിത്തിനു പോലും ഇല്ലാത്ത സംശയം ഉമയ്ക്കുണ്ടാവേണ്ട ഒരു കാര്യവുമില്ല.

ക്രൈംബ്രാഞ്ച് എന്ന അന്വേഷണ ഏജൻസി കോൺഗ്രസ്സിനെ പോലെ വ്യക്തിയിൽ അധിഷ്ടിതമല്ല. ഇതൊരു അന്വേഷണ ഏജൻസിയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരും മാറിയിട്ടില്ല. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിൽ കേസിന് മേൽനോട്ടമാണ് വഹിച്ചിട്ടുള്ളത്. പുതുതായി വന്ന ക്രൈംബ്രാഞ്ച് മേധാവി ഇനി ആ റോൾ വഹിക്കും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലന്നത് ആഭ്യന്തര വകുപ്പും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് പുതുതായി ചാർജെടുത്ത ക്രൈംബ്രാഞ്ച് മേധാവി എന്നതും ഉമ തോമസ് തിരിച്ചറിയണം.

മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനു നൽകിയ സ്വാതന്ത്ര്യം മൂലമാണ് നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ കേസിൽ അറസ്റ്റ് ചെയ്തവർക്കു തന്നെയാണ് കോടതിയിൽ കുറ്റം തെളിയിക്കേണ്ട ബാധ്യതയും ഉള്ളത്. അതിനു ആവശ്യമായ എല്ലാ സഹായവും നിലവിൽ സംസ്ഥാന സർക്കാർ ചെയ്യുന്നുമുണ്ട്. ഇരയ്ക്കു പോലും ഇല്ലാത്ത അഭിപ്രായമാണ് ഇവിടെ ഉമ തോമസ് പ്രകടിപ്പിച്ചിരിക്കുന്നത്.

ശ്രീജിത്തിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പറയുന്ന ഉമ തോമസ്, സ്വന്തം ഭർത്താവിന് എതിരായ നിലപാടു കൂടിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

ജീവിച്ചിരുന്നപ്പോൾ പി.ടി തോമസ് ഏറ്റവും അധികം വിമർശിച്ച ഐ.പി.എസ് ഓഫീസറാണ് ശ്രീജിത്ത്. നിയമസഭയിൽ അടക്കം അദ്ദേഹം ശ്രീജിത്തിനെതിരെ ഉയർത്തിയത് ഗുരുതരമായ ആരോപണമാണ്. സഭാ രേഖകളിൽ ഇപ്പോഴും അതുകാണും. അത് ഉമ തോമസ് ഒന്നു പഠിക്കുന്നത് നല്ലതാണ്. എന്നിട്ടു വേണം സർക്കാറിനെ വിമർശിക്കുവാൻ.മാത്രമല്ല, ചങ്ങനാശ്ശേരി സ്വദേശിയായ പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടും,  ഇടക്കൊച്ചി സ്വദേശിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ശ്രീജിത്തിനെതിരെ ഏറ്റവും ശക്തമായി ഇടപെട്ടതും പി.ടി തോമസാണ്.

തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, ഉമ രംഗത്തിറങ്ങിയതിനെ അതിജീവതയോടുള്ള സ്നേഹമായി ഒരിക്കലും വിലയിരുത്താൻ കഴിയുകയില്ല. ഇതിനു മുൻപ് അത്തരം ഒരു പ്രതികരണവും അവർ നടത്തിയിട്ടുമില്ല. പ്രതികരിക്കാൻ അവർ തിരഞ്ഞെടുത്ത സമയം, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു കൊടി ഉയരാൻ ഇരിക്കെയാണ്. കോൺഗ്രസ്സിന്റെ ഈ കോട്ട കാക്കാൻ, പി.ടിയുടെ പിൻഗാമിയായി ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരും ഉമ തോമസിന്റെതാണ്. ഉപതിരഞ്ഞെടുപ്പുകൾ പൊതുവെ ഇടതുപക്ഷത്തിനു അനുകൂലമാകുന്ന സാഹചര്യം മുന്നിൽ കണ്ടാണ്, ഉമ തോമസിനെ രംഗത്തിറക്കാൻ കെ.പി.സി.സി നേതൃത്വവും നിലവിൽ ശ്രമിക്കുന്നത്. സഹതാപ തരംഗമാണ് പ്രധാന ലക്ഷ്യം. മറ്റാരു തന്നെ മത്സരിച്ചാലും മണ്ഡലം കൈവിട്ടു പോകുമെന്ന ആശങ്കയും കോൺഗ്രസ്സിനുണ്ട്.

ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപു തന്നെ ഉമയോട് സജീവമായി രംഗത്തിറങ്ങാൻ കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അവരുടെ ആദ്യ പൊതു പരിപാടിയാണിപ്പോൾ എറണാകുളത്ത് നടന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച്, ഫ്രണ്ട്സ് ഓഫ് പി ടി ആന്റ് നേച്ചർ, എറണാകുളം ഗാന്ധി സ്‌ക്വയറിൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉമാ തോമസ് സർക്കാറിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

പിടി തോമസ് കേസിൽ സത്യസന്ധമായാണ് ഇടപെട്ടതെന്നും ഉമ പറയുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പുലർച്ചെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് താൻ മാത്രമായിരുന്നു സാക്ഷിയെന്നും അവർ പറഞ്ഞു.

‘നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവർക്കുമറിയാം. എന്നാൽ പി ടി അന്ന് പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ച മാനസിക സമ്മർദ്ദം ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെൺകുട്ടിയുടെ കണ്ണുനീർ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു ” പിന്നീട് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സത്യസന്ധമായാണ് പോരാടിയതെന്നും ഉമ ചൂണ്ടിക്കാട്ടി. പോലീസിലെ അഴിച്ചുപണി പ്രതികൾ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന സംശയമാണ് അവർ പരസ്യമായി ആ യോഗത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളും ഉമ തോമസിന്റെ പ്രതികരണത്തിന് നല്ല വാർത്താ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

അതേസമയം, യു.ഡി.എഫിന്റെ രാഷ്ട്രീയ സ്‌റ്റേറ്റ്മെൻ്റാണ് ഉമയുടെ പ്രതികരണത്തിലൂടെ പുറത്ത് വന്നതെന്നാണ്, സി.പി.എം നേതൃത്വത്തിന്റെ നിലപാട്. സ്ത്രീപക്ഷ സർക്കാറാണ് പിണറായി സർക്കാർ എന്നതിന്, ഉദാഹരണങ്ങൾ നിരവധി കൺമുന്നിൽ ഉണ്ടെന്നും, അതിനു ഉമ തോമസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലന്നതുമാണ് പാർട്ടി നിലപാട്. പൊലീസിൽ നടന്നത് സ്വാഭാവികമായ സ്ഥലമാറ്റമാണെന്ന കാര്യത്തിൽ സർക്കാറും ഉറച്ച് നിൽക്കുകയാണ്. വിവാദം അവസാനിപ്പിക്കണമെന്ന് സ്ഥലം മാറ്റപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനും ആവശ്യപ്പെട്ടിട്ടുണ്ട്.

EXPRESS KERALA VIEW

 

Top