UM launches Renegade Commando, Classic, Sport S cruisers

ക്രൂസര്‍ ബൈക്കുകളെ ഏറെ സ്‌നേഹിക്കുന്ന ഇന്ത്യന്‍ യുവ മനസുകളുടെ കാത്തിരിപ്പിനു വിരാമമിട്ട് റെനെഗേഡ് കമാന്‍ഡോ വിപണിയിലെത്തി. അമേരിക്കന്‍ കമ്പനിയായ യു.എം.എല്‍ ഇന്ത്യന്‍ പാര്‍ട്ണര്‍മാരായ ലോഹിയ ഗ്രൂപ്പുമായി ചേര്‍ന്നാണ് റെനെഗേഡ് കമാന്‍ഡോയെ വിപണിയിലിറക്കിയത്.

ആകര്‍ഷകവും വ്യത്യസ്തവും യുവാക്കളുടെ മനസു കീഴടക്കുന്നതുമായ രൂപഭംഗിയുമായാണ് കമാന്‍ഡോയുടെ വരവ്. സാങ്കേതിക മികവും ഭേദപ്പെട്ട വിലയും സവിശേഷതകള്‍ തന്നെ. എന്നാല്‍, എ.ബി.എസും പിന്‍ ടയറില്‍ ഡിസ്‌ക് ബ്രേക്ക് ഇല്ലാത്തതും ന്യൂനതയാണ്. ഔട്ട്‌ലെറ്റുകളുടെ കുറവും വിപണിയില്‍ വെല്ലുവിളിയാകും.
പച്ച, കറുപ്പ്, ഗ്രേ കളര്‍ ഷെയ്ഡുകളില്‍ റെനെഗേഡ് കമാന്‍ഡോ ലഭിക്കും.

വീതിയേറിയ ടയറുകളും സ്‌പോക്ക് വീലുകളും പിന്‍ സീറ്റ് റെസ്റ്റും തനത് ക്രൂസര്‍ ബൈക്ക് ലുക്ക് ബൈക്കിനു സമ്മാനിക്കുന്നു. ഇന്ധനടാങ്കിലെ കമാന്‍ഡോ സ്റ്റാര്‍ ലോഗോ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. 8000 ആര്‍.പി.എമ്മില്‍ 24.8 ബി.എച്ച്.പി കരുത്തുള്ള, സിംഗിള്‍ സിലിണ്ടര്‍, 280 സി.സി എന്‍ജിനാണുള്ളത്. 7000 ആര്‍.പി.എമ്മില്‍ 21.8 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ഗിയറുകള്‍ ആറ്. മുന്‍ ടയറില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ടയറില്‍ പിസ്റ്റണ്‍ കാലിപ്പര്‍ ബ്രേക്കും നല്‍കിയിരിക്കുന്നു.

172 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരമെന്നതിനാല്‍ റൈഡിംഗ് സുഖവും പെര്‍ഫോമന്‍സ് മികവും മുന്നിട്ടു നില്‍ക്കുന്നു. 1545 എം.എം വീല്‍ബെയ്‌സുണ്ട്. 150 എം.എം ആണ് ഗ്രൗണ്ട് ക്‌ളിയറന്‍സ്. പരമാവധി 125 കിലോമീറ്റര്‍ സ്പീഡില്‍ കമാന്‍ഡോ കുതിച്ചുപായും. ലിറ്ററിന് 35 കിലോമീറ്റര്‍ മൈലേജും അവകാശപ്പെടുന്നു. ഇന്ധന ടാങ്കില്‍ 18 ലിറ്റര്‍ പെട്രോള്‍ നിറയും. 1.59 ലക്ഷം രൂപയാണ് റെനെഗേഡ് കമാന്‍ഡോയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ്, ബജാജ് അവഞ്ചര്‍ എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍.

Top