ഇനി ചീറിപ്പായാന്‍ ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്ക്; ഒറ്റ ചാര്‍ജില്‍ 150 കി.മീ

രാജ്യത്തെ ആദ്യ ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. എ77 എന്ന പേരിലാണ് പുതിയ പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്ക് കമ്പനി പുറത്തിറക്കിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ട്പ്പ് കമ്പനിയായ അള്‍ട്രാവയലെറ്റ് ഓട്ടോമോട്ടീവ് ഉയര്‍ന്ന ടെക്നോളജി സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ എ77 നിര്‍മിച്ചത്. അടുത്ത വര്‍ഷം അവസാനത്തോടെ എ77 വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന.

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ് ഫുള്ളി ഫെയേര്‍ഡ് എ77ന്റെ നിര്‍മാണം. കരുത്തന്‍ സ്പോര്‍ട്സ് ബൈക്കുകളെ വെല്ലുന്ന അഗ്രസീവ് രൂപഭംഗിയും വാഹനത്തിനുണ്ട്. 4.2 സണവ ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. മൂന്ന് ബാറ്ററി അടങ്ങുന്ന പാക്കാണിത്. ഒറ്റചാര്‍ജില്‍ 130-150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എ77ന് സാധിക്കുന്നതാണ്.

33.5 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. അഞ്ച് മണിക്കൂര്‍ സമയം വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചാര്‍ജിങ്ങിന് ഒന്നര മണിക്കൂര്‍ മതി. കൂടാതെ ലൈറ്റെനിങ്, ഷാഡോ, ലേസര്‍ എന്നീ മൂന്ന് വേരിയന്റുകളാണ് ഈ പെര്‍ഫോമെന്‍സ് ബൈക്കിനുള്ളത്. ആദ്യ ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്കിന് 3-3.25 ലക്ഷത്തിനുള്ളിലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ട്.

Top