യുക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുക് രാജിവച്ചു

കീവ്: പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതിന് പിന്നാലെ യുക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുക് രാജിവച്ചു. താന്‍ രാജി സമര്‍പ്പിച്ച കാര്യം ഫേസ്ബുക്കിലൂടെയാണ് ഒലെക്സി രാജ്യത്തെ അറിയിച്ചത്.

നേരത്തെ പ്രസിഡന്റ് വ്ളാഡിമിറിന് രാഷ്ട്രീയത്തില്‍ മുന്‍ പരിചയം ഒന്നും ഇല്ലെന്നും, അദ്ദേഹത്തിന് സാമ്പത്തിക രംഗത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഹോഞ്ചരുക് അഭിപ്രായപ്പെടുന്ന ഓഡിയോ ആണ് പുറത്തുവന്നത്. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഈ രാജി തന്റെ സുതാര്യതയുടെയും മാന്യതയുടെയും അടയാളമാണെന്നും, എന്റെ പ്രസിഡന്റിനോടുള്ള ബഹുമാനവും, വിശ്വാസവും ചോദ്യം ചെയ്യാനാകാത്തതാണെന്നും പറഞ്ഞു. തന്റെ രാജി പാര്‍ലമെന്റില്‍ വയ്ക്കാന്‍ അദ്ദേഹം പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ യുക്രൈന്‍ പാര്‍ലമെന്റായ റാഡ വോട്ട് ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ രാജി ഔദ്യോഗികമാകൂ. അതിന് മുന്‍പ് പ്രസിഡന്റ് കത്ത് അംഗീകരിക്കണം. എന്നാല്‍ പ്രസിഡന്റ് ഈ രാജി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Top