ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടയിലും റഷ്യ വ്യോമാക്രമണം നടത്തുന്നതായി യുക്രൈന്‍ മാധ്യമങ്ങള്‍

ന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടയിലും റഷ്യ വ്യോമാക്രമണം നടത്തുന്നതായി യുക്രൈന്‍ മാധ്യമങ്ങള്‍. തുടര്‍ച്ചയായി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് യുക്രൈന്‍ അറിയിച്ചിരിക്കുന്നത്.

മരിയോപോളില്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”നിലവില്‍ മരിയോപോളില്‍നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ള ഒഴിപ്പിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല. റഷ്യയുടെ ഭാഗത്തുനിന്നും ഷെല്ലിംഗ് തുടരുകയാണ്.” ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

മരിയോപോളില്‍ ഏകദേശം 440,000 പേരാണ് കുടുങ്ങി കിടക്കുന്നതെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് മരിയോപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അതിവേഗം തുടരുകയായിരുന്നു.

എത്ര സമയം വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമല്ല. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ എന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കിയത്.

Top