റഷ്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ റഷ്യയില്‍ യുക്രെയ്ന്റെ വന്‍ മിസൈല്‍ ആക്രമണം

യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ റഷ്യയില്‍ യുക്രെയ്ന്റെ വന്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം ബെല്‍ഗോറോഡിലാണ് ആക്രമണം നടന്നത്. യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം, റഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാല്‍, ജനവാസ മേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്നുമാണ് യുക്രെയ്ന്‍ പറയുന്നത്. വെള്ളിയാഴ്ച യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുക്രെയ്ന്‍ തിരിച്ചടിച്ചത്.

ആക്രമണത്തിന് പിന്നാലെ, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. റഷ്യയിലേക്ക് യുക്രെയ്ന്‍ അടിക്കടി ഡ്രോണ്‍ ആക്രമണം നടത്തുമെങ്കിലും വലിയതോതില്‍ നാശനഷ്ടം വരുത്തിയുള്ള ആക്രമണം ആദ്യമായാണ്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും യുക്രെയ്ന്‍ ആക്രമണത്തില്‍ തകര്‍ന്നു. റഷ്യന്‍ സേനയുടെ മുന്നേറ്റത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് യുക്രെയ്ന്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതെന്നും സേനയെ കൂടുതല്‍ പ്രകോപിതരാക്കാനാണ് ശ്രമമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ബെല്‍ഗോറോഡ് നഗരം സ്ഥിതിചെയ്യുന്നത്. യുക്രെയ്ന് വേഗത്തില്‍ ആക്രമിക്കാന്‍ കഴിയുന്ന പ്രദേശമാണിത്. റഷ്യയിലേക്ക് എഴുപതിന് മുകളില്‍ മിസൈലുകള്‍ തങ്ങള്‍ തൊടുത്തുവിട്ടെന്ന് യുക്രെയ്ന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Top