റഷ്യയില്‍ നിലവിലുള്ള സേവനങ്ങള്‍ വിലക്കാന്‍ ആപ്പിള്‍ മേധാവിയോട് ആവശ്യപ്പെട്ട് യുക്രെയിന്‍ ഉപപ്രധാനമന്ത്രി

കീവ്: റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള സേവനങ്ങള്‍ വിലക്കാന്‍ ആപ്പിള്‍ മേധാവിയോട് ആവശ്യപ്പെട്ട് യുക്രെയിന്‍ ഉപപ്രധാനമന്ത്രി മിഖാലിയോ ഫെഡോറോവ്. യുക്രെയിനിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്നത് ആപ്പിള്‍ അവസാനിപ്പിക്കണം. അപമാനകരമായ സൈനിക ആക്രമണം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ റഷ്യന്‍ യുവാക്കള്‍ക്കും ജനങ്ങള്‍ക്കും ഇത് പ്രചോദനം നല്‍കുമെന്നും ഫെഡറോവ് ടിംകുക്കിന് നല്‍കിയ കത്തില്‍ പറയുന്നു. ഈ കത്തിന്റെ പകര്‍പ്പ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

യുക്രെയിന് നേരെ റഷ്യ ആക്രമണം ആരംഭിച്ചതോടെ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികള്‍ റഷ്യന്‍ സൈന്യത്തിനും പ്രതിരോധ മന്ത്രാലയത്തിനും സേവനങ്ങള്‍ നല്‍കുന്നത് വിലക്കുക എന്ന തീരുമാനവും അതില്‍പ്പെടും. എന്നാല്‍ റഷ്യന്‍ സൈന്യത്തിന് മാത്രമല്ല റഷ്യയിലുടനീളം സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് ഫെഡറോവ് ടിംകുക്കിനോട് ആവശ്യപ്പെടുന്നത്.

യുഎസ്, ബ്രിട്ടന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്‌റോവിനും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ആസ്തികള്‍ മരവിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

Top