റഷ്യയില്‍ നിന്നുള്ളവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി യുക്രൈന്‍

ഷ്യയില്‍ നിന്നുള്ളവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യുക്രൈന്‍ നിരോധനമേര്‍പ്പെടുത്തി. യുക്രൈന്‍ കപ്പല്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി.

16 വയസിനും 60 വയസിനുമിടയിലുള്ള റഷ്യന്‍ പൌരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്. എന്നാല്‍ മരണാന്തര ചടങ്ങുകളുള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് വിലക്കില്ല.

രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറഷന്‍കോയുടെ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം 15 ലക്ഷം റഷ്യന്‍ പൌരന്മാരാണ് വിവിധ ആവശ്യങ്ങള്‍ക്കായി യുക്രൈന്‍ സന്ദര്‍ശിച്ചത്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കുള്ള വിമാന സര്‍വീസ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം നാവികരുള്‍പ്പെടെ യുക്രൈന്‍ കപ്പല്‍ റഷ്യ പിടിച്ചെടുത്തതിന്റെ ഭാഗമായി രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെ റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതായി അമേരിക്ക അറിയിച്ചിരുന്നു.

പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച് സ്വദേശത്ത് എത്തിയിട്ടില്ല. കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്നും ട്രംപ് അറിയിച്ചു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ചയാണ് അമേരിക്ക റദ്ദാക്കിയത്.

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടച്ചെടുക്കുകയായിരുന്നു. കപ്പലുകള്‍ വിട്ടുകൊടുക്കണമെന്ന അന്താരാഷ്ട്രാ സമൂഹത്തിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് റഷ്യ.

Top