മോസ്‌കോയില്‍ യുക്രെയ്ന്‍ ഡ്രോണ്‍ വെടിവെച്ചിട്ടു

മോസ്‌കോ: വെള്ളിയാഴ്ച പുലര്‍ച്ച മോസ്‌കോ നഗരത്തിന് മുകളിലെത്തിയ യുക്രെയ്ന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തകര്‍ന്ന ഡ്രോണിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രദര്‍ശന കേന്ദ്രത്തില്‍ പതിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലര്‍ച്ച നാലിനാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ തീപിടിത്തമുണ്ടാവുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം രണ്ടുതവണ ഡ്രോണ്‍ ആക്രമണമുണ്ടായ മോസ്‌കോ സിറ്റി വാണിജ്യ കേന്ദ്രത്തിന് സമീപത്താണ് വെള്ളിയാഴ്ച ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച പ്രദര്‍ശന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ക്രെംലിനില്‍ നിന്ന് 5 കിലോമീറ്ററില്‍ താഴെയുള്ള മോസ്‌കോയിലെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ക്രാസ്‌നോപ്രെസ്‌നെന്‍സ്‌കായ എംബാങ്ക്‌മെന്റിലെ ഒരു നോണ്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആളപായത്തെക്കുറിച്ച് ഇതുവരെയായും റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ആക്രമണത്തിന് പിന്നാലെ ശക്തമായ സ്‌ഫോടന ശബ്ദമുണ്ടായതായി ഒരു പ്രദേശവാസി പറഞ്ഞായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളം അടച്ചു, അല്പ സമയത്തിന് ശേഷം വീണ്ടും തുറന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുദ്ധം ആരംഭിച്ച് ഏതാണ്ട് ഒരു വര്‍ഷം വരെ യുക്രൈന്‍, മോസ്‌കോ നഗരത്തെ ആക്രമിച്ചിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മോസ്‌കോ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മെയ്. ജൂലൈ മാസങ്ങളില്‍ മോസ്‌കോയില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നാലെ യുദ്ധം ‘റഷ്യയുടെ പ്രദേശത്തേക്ക് മടങ്ങുകയാണ്’ എന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രസ്താവനയും പുറത്ത് വന്നു. കരിങ്കടലില്‍ റഷ്യന്‍ നാവിക സേനയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ യുക്രൈന്റെ ഡ്രോണ്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് മോസ്‌കോയില്‍ ആക്രമണം നടന്നത്.

Top