യുക്രൈന്‍ – റഷ്യ യുദ്ധം; നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായിരുന്നു ശരിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍. യുക്രൈന്‍ – റഷ്യ യുദ്ധത്തെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പിന്തുണച്ചു കൊണ്ടാണ് മാക്രോണിന്റെ പ്രതികരണം. ന്യൂയോര്‍ക്കില്‍ നടന്ന 77-ാമത് യു.എന്‍. ജനറല്‍ അസംബ്ലിയിലായിരുന്നു മോദിയുടെ പരാമര്‍ശത്തെ പിന്തുണച്ച് മക്രോണ്‍ രംഗത്തെത്തിയത്.

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ശരി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘ഇത് പടിഞ്ഞാറിനെതിരേയും, പടിഞ്ഞാറിനെ പ്രതിരോധിക്കുന്ന കിഴക്കിനെതിരേയും പ്രതികാരം ചെയ്യാനുള്ള സമയമല്ല. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കേണ്ട സമയം, നമ്മള്‍ അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളേയും ഒരുമിച്ച് നേരിടേണ്ട സമയം’ – മക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഉസ്ബക്കിസ്താനിലെ സമര്‍ഖണ്ഡില്‍ നടന്ന കൂടിക്കാഴ്ചയില്‍ വെച്ചായിരുന്നു ‘ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിനോട് പറഞ്ഞത്. ഇത് യുഎസ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി യുദ്ധത്തിന്റെ പേരില്‍ പുതിനെ വിമര്‍ശിച്ചു എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയത്.

Top