ഉക്രൈന്‍ – റഷ്യ സംഘര്‍ഷം; സമാധാന ശ്രമവുമായി ഫ്രാന്‍സ്

മോസ്‌കോ: യുക്രെയ്ന്‍ റഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ മുന്‍കൈയെടുത്ത് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം ഒഴിവാക്കണമെന്ന് മക്രോണ്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു. അഞ്ച് മണിക്കൂറോളമാണ് ക്രംലിനിലെ കൂടിക്കാഴ്ച നീണ്ടത്. ഇന്ന് യുക്രെയ്‌നിലെത്തി പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും മക്രോണ്‍ കൂടിക്കാഴ്ച നടത്തും.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നെ ആക്രമിക്കുന്ന പക്ഷം റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വാതകം എത്തിക്കുന്ന നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പദ്ധതി റദ്ദാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും പ്രതികരിച്ചു.

യുദ്ധമുണ്ടായാല്‍ അരലക്ഷം സാധാരണക്കാരുള്‍പ്പെടെ മുക്കാല്‍ ലക്ഷം പേര്‍ക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്‌ക്കെതിരെ യുക്രെയ്ന്‍ രംഗത്തെത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് യുക്രെയ്ന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. നാറ്റോയെ ശക്തിപ്പെടുത്താന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇതിനിടെ പോളണ്ടിലേക്ക് 1,700 സൈനികരെ കൂടി അമേരിക്ക നിയോഗിച്ചു. 300 സൈനികരെ ജര്‍മ്മനിയിലേക്കും അയച്ചിട്ടുണ്ട്.

 

 

Top