യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വീണ്ടും ബ്രിട്ടനിൽ; ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വീണ്ടും ബ്രിട്ടനിൽ. ഇന്നു രാവിലെയാണ് മിന്നൽ സന്ദർശനത്തിനായി സെലൻസ്കി ലണ്ടനിലെത്തിയത്. ഇരുവരും ഹസ്തദാനം ചെയ്തും തോളിൽ കൈയിട്ടും നിൽക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി ഋഷി സുനക് ട്വീറ്റ് ചെയ്തതോടെയാണ് സന്ദർശനത്തിന്റെ വാർത്തകൾ പുറത്തുവന്നത്. സെലൻസ്കിയെ കെട്ടിപ്പിടിക്കുന്ന ചിത്രം പങ്കുവച്ച് ‘വെൽക്കം ബാക്ക്’ എന്നാണ് ഋഷി സുനക് കുറിച്ചിരിക്കുന്നത്.

ഏതാനും ആഴ്ചകൾക്കുമുമ്പ് ബ്രിട്ടനിൽ സന്ദർശനത്തിനെത്തിയ സെലൻസ്കി, പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുദ്ധത്തിനായി കൂടുതൽ സഹായവും ആയുധവും യുദ്ധവിമാനങ്ങളും നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥനയിന്മേലള്ള തുടർ ചർച്ചകളാകും സന്ദർശനത്തിന്റെ മുഖ്യലക്ഷ്യമമെന്നാണ് വാർത്തകൾ.

അന്നുതന്നെ യുക്രെയ്ൻ പൈലറ്റുമാർക്ക് ബ്രിട്ടൻ പരിശീലനം നൽകുമെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനുമായുള്ള ‘ജെറ്റ് കൊയെലേഷ’നാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സെലൻസ്കിയുടെ വിശദീകരണം. ഭാവിയിലെ റഷ്യൻ അധിനിവേശം തടയുന്നതിനുള്ള സുരക്ഷാ നടപടികളാണ് ചർച്ചചെയ്തതെന്നാണ് ബ്രിട്ടന്റെ വിശദീകരണം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബക്കിംങ്ങാം ഷെയറിലുള്ള കൺട്രി റസിഡൻസ് ചെക്കേഴ്സിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വിശാലമായ പുൽത്തകിടിയും നീന്തൽകുളങ്ങളും മറ്റ് ആഡംബര സൗകര്യങ്ങളുമുള്ള ചെക്കേഴ്സിൽ സുനാക്ക് പ്രധാമന്ത്രിയായ ശേഷം ആദ്യമായെത്തുന്ന വിദേശ നേതാവാണ് സെലൻസ്കി.

Top