കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ലക്ഷ്യത്തില്‍ നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം

കീവ്: കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ലക്ഷ്യത്തില്‍ നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം. യുക്രൈനെ കൂടുതല്‍ കടന്നാക്രമിക്കുകയാണ് റഷ്യ. റിവ്‌നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍.

പൗരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസുകാരിയുമുണ്ട്.

യുക്രൈനിലെ കീവിലും കാര്‍കീവിലും ഉഗ്രസ്‌ഫോടനങ്ങള്‍ റഷ്യ നടത്തി. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാര്‍കീവിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം.

ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതല്‍ കാര്‍കീവില്‍ കനത്ത വെടിവപ്പാണ് നടക്കുന്നത്. കീവ് പിടിച്ചെടുക്കാന്‍ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ.

Top