റഷ്യ യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ സമാധാന ശ്രമങ്ങളില്‍ പങ്കാളിയായി ഇന്ത്യ

ഡല്‍ഹി: റഷ്യ യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ സമാധാന ശ്രമങ്ങളില്‍ പങ്കാളിയായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ,യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി എന്നിവരുമായി ഫോണില്‍ ചര്‍ച്ച നടത്തി.

പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി പുടിന്‍ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യര്‍ത്ഥിച്ചു. സുമിയില്‍ അടക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയില്‍പ്പെടുത്തി. റഷ്യന്‍ അതിര്‍ത്തി വഴി പൌരന്മാരെ തിരികെയെത്തിക്കാനുള്ള സഹായം മോദി പുടിനോട് അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ – റഷ്യ യുദ്ധം സംബന്ധിച്ച് ഇതുവരെയുള്ള സ്ഥിതിഗതികളും ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ചര്‍ച്ച ചെയ്തുവെന്നുമാണ് വിവരം.

യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും നരേന്ദ്രമോദി ചര്‍ച്ച നടത്തി. 35 മിനിറ്റ് നീണ്ടു നിന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ പൌരന്മാരുടെ ഒഴിപ്പിക്കലും സുരക്ഷ ഇടനാഴിയും ചര്‍ച്ചയായി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് മോദി നന്ദി അറിയിച്ചു. യുക്രൈനും റഷ്യയുമായി നടത്തുന്ന ചര്‍ച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു.

 

Top