കലാപശ്രമത്തിനിടെ റഷ്യക്കാര്‍ പരസ്പരം കൊലപ്പെടുത്തണമെന്ന് യുക്രൈനും സഖ്യകക്ഷികളും ആഗ്രഹിച്ചു- വ്ലാദിമിര്‍ പുതിന്‍

മോസ്‌കോ: വാഗ്‌നര്‍ സംഘത്തിന്റെ കലാപശ്രമത്തില്‍ റഷ്യക്കാര്‍ പരസ്പരം കൊലപ്പെടുത്തുന്നത് കാണാനാണ് യുക്രൈനും അവരുടെ പാശ്ചാത്യസഖ്യകക്ഷികളും ആഗ്രഹിച്ചതെന്ന രൂക്ഷവിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍. വാഗ്‌നര്‍ സംഘത്തിന്റെ പിന്മാറ്റത്തിന് ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യവേയാണ് പുതിന്റെ പരാമര്‍ശം.

സംഭവവികാസങ്ങളുടെ തുടക്കത്തില്‍ത്തന്നെ തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെട്ടതായും അതിനാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായെന്നും ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ പുതിന്‍ പറഞ്ഞു. റഷ്യക്കാരോട് അവരുടെ ദേശസ്നേഹത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ശത്രുക്കളായ, കീവിലെ നിയോ നാസിമാരും അവരുടെ പടിഞ്ഞാറന്‍ രക്ഷാകര്‍ത്താക്കളും രാജ്യദ്രോഹികളും ആഗ്രഹിച്ചത് കൃത്യമായ ഭ്രാതൃഹത്യയായിരുന്നു. റഷ്യന്‍ സൈനികര്‍ പരസ്പരം കൊല്ലണമെന്ന് അവര്‍ ആഗ്രഹിച്ചു, പുതിന്‍ പറഞ്ഞു.

കലാപവേളയില്‍ റഷ്യയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പുതിന്‍ അഭിനന്ദിക്കുകയും ചെയ്തു. വാഗ്‌നര്‍ സംഘാംഗങ്ങള്‍ക്ക് വേണമെങ്കില്‍ റഷ്യന്‍ സൈന്യത്തില്‍ ചേരാമെന്നും അല്ലെങ്കില്‍ ബെലാറൂസിലേക്ക് പോകാമെന്നും ഇനി അതുമല്ലെങ്കില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാമെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു.

Top