യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട സംഭവം; ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എഇഒ നിര്‍ദ്ദേശിച്ചു.

ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം നടന്നത്. ഉറങ്ങിപ്പോയ കുട്ടിയെയാണ് അധികൃതരുടെ അനാസ്ഥ മൂലം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്. കുട്ടി ക്ലാസിലുണ്ടെന്ന കാര്യം അറിയാതെയാണ് സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറി പൂട്ടിപ്പോയത്.

സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളില്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുട്ടിയെ കാണുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ ബന്ധുക്കല്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുറംലോകം അറിഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപകന്‍, ക്ലാസ് ടീച്ചര്‍ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു.

Top