രാസായുധത്തിലൂടെ വധിക്കാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാന്‍ ബ്രിട്ടന്‍

theresa-m

ലണ്ടന്‍: രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും മകളെയും രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചതില്‍ റഷ്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാന്‍ ബ്രിട്ടന്റെ നിര്‍ദ്ദേശം. പ്രതിനിധികള്‍ റഷ്യയുടെ ചാരന്‍മാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരേസാ മെയ് പറഞ്ഞു.

റഷ്യക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട്‌പോകാനാണ് ബ്രിട്ടന്റെ തീരുമാനം. രാസായുധ ആക്രമണത്തിന് റഷ്യയോട് ബ്രിട്ടന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. റഷ്യയുടെ ഈ നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയെ ചൊടിപ്പിച്ചത്.

ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടില്‍ നിന്ന് മന്ത്രിമാരോ രാജകുടുംബാംഗങ്ങളോ പങ്കെടുക്കില്ല. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന് ബ്രിട്ടന്‍ സന്ദര്‍ശനത്തിനും അനുമതി നിഷേധിച്ചിട്ടുണ്ട്. കൂടാതെ റഷ്യയുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചകളും സര്‍ക്കാര്‍ റദ്ദാക്കി.

സാലിസ്ബറിയില്‍ ബ്രിട്ടന്റെ മുന്‍ ചാരനായിരുന്ന സെര്‍ഗെയ് സ്‌ക്രിപാലും മകളെയും മാര്‍ച്ച് നാലിന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Top