വിദേശത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജ് തിരികെ നല്‍കുമെന്നു ബ്രിട്ടന്‍

ലണ്ടന്‍: വിദേശത്തുനിന്നുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹെല്‍ത്ത് സര്‍ചാര്‍ജ് തിരികെ നല്‍കുമെന്നു ബ്രിട്ടന്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. അടുത്തിടെ ഇന്ത്യയില്‍നിന്നും വന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടച്ച വലിയ തുകയാണ് ഇത്തരത്തില്‍ തിരികെ ലഭിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്മേല്‍ എന്തു നടപടിയായെന്ന പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു പാര്‍ലമെന്റില്‍ ബോറിസിന്റെ പ്രഖ്യാപനം. നാലംഗങ്ങളുള്ള കുടംബം ഒരുവര്‍ഷം 1600 പൗണ്ടാണ് സര്‍ചാര്‍ജായി നല്‍കിയിരുന്നത്. സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ മൂന്നും നാലും വര്‍ഷത്തെ വര്‍ക് പെര്‍മിറ്റില്‍ വന്നവര്‍ വീസാ കാലാവധി കണക്കുകൂട്ടി അടച്ച വലിയൊരു തുക തിരികെ കിട്ടും.

എന്‍എച്ച്എസിന്റെ ഹെല്‍ത്ത് സര്‍വീസ് ഉപയോഗിക്കുന്നതിനാണ് മൈഗ്രന്റ് വര്‍ക്കേഴ്‌സില്‍നിന്നും സര്‍ചാര്‍ജ് ഈടാക്കുന്നത്. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും നിലവില്‍ വര്‍ഷം തോറും 400 പൗണ്ടാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് നല്‍കുന്നത്. ഇത് ഒക്ടോബര്‍ മുതല്‍ 624 പൗണ്ടായി ഉയര്‍ത്താനും കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചിരുന്നു. 4 അംഗങ്ങളുള്ള ഒരു നഴ്‌സിന്റെ കുടുബത്തിനു നിലവിലെ നിരക്കനുസരിച്ച് 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബര്‍ മുതല്‍ 2500 പൗണ്ടുമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്.

ഇത് ഒഴിവാക്കുന്നത്, ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരുമാണ് ഇപ്പോള്‍ വലിയൊരു തുക സര്‍ചാര്‍ജ് നല്‍കി കഷ്ടപ്പെടുന്നത്. നിലവില്‍ 1.53 ലക്ഷം മൈഗ്രന്റ് വര്‍ക്കേഴ്‌സാണ് വീസാ കാലവധി തീരുംവരെയുള്ള സര്‍ചാര്‍ജ് മുന്‍കൂറായി നല്‍കി ബ്രിട്ടനില്‍ കഴിയുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ പണിയെടുക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്. നാഷനല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഇന്‍കംടാക്‌സിനു പുറമേയാണ് ഇവരില്‍നിന്നും ഈ തുക അഡ്വാന്‍സായി ഈടാക്കുന്നത്.

Top