നിര്‍ബന്ധിത വിവാഹം; ഇരകളായ യുവതികളെ രക്ഷപ്പെടുത്തി,ചിലവായ തുക തിരികെ ചോദിച്ച് യുകെ ഗവണ്‍മെന്റ്

ലണ്ടന്‍; നിര്‍ബന്ധിത വിവാഹത്തിന് ഇരകളായ ബ്രിട്ടീഷ് യുവതികളോട് രക്ഷപ്പെടുത്തിയതിന്റെ കൂലി ചോദിച്ച് യുകെ ഗവണ്‍മെന്റ്. വിമാന ടിക്കറ്റിന്റെ തുകയും, താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുമാണ് വിദേശകാര്യ ഓഫീസ് യുവതികളോട് മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്.

നിര്‍ബന്ധിത വിവാഹങ്ങളുടെ ഇരകളായി അന്യനാടുകളില്‍ പെട്ടുപോയ ബ്രിട്ടീഷ് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. അവര്‍ സ്വജീവിതത്തിലേക്ക് തിരിച്ച് വരും മുന്‍പേ രക്ഷിച്ചതിന്റെ തുക മടക്കി ചോദിക്കുകയാണ് യുകെ വിദേശകാര്യ മന്ത്രാലയം. സ്വന്തം പുനരധിവാസത്തിന്റെയും സംരക്ഷണത്തിന്റെയും തുക ഈ യുവതികള്‍ തിരികെ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

2016-17 കാലഘട്ടത്തില്‍ യുകെ ഗവണ്‍മെന്റ് മോചിതരാക്കിയ ഏതാണ്ട് 82 യുവതികള്‍ക്കാണ് തങ്ങളെ രക്ഷിച്ചതിന് ചിലവായ ഭീമമായ തുക തിരികെ നല്‍കേണ്ടി വന്നത്. വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടുത്തി ലോണ്‍ എടുക്കുന്നവരാണെങ്കില്‍, ലോണ്‍ തുക തിരിച്ചടയ്ക്കുന്നതുവരെ അവരുടെ പാസ്‌പോര്‍ട്ട് അവിടെ ഏല്‍പ്പിക്കുകയും, വലിയൊരു തുക പലിശയിനത്തിലും മറ്റും അധികമായി അടയ്‌ക്കേണ്ടിയും വരുന്നു.

മനുഷ്യത്വരഹിതമായ ഈ നടപടികള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുടുംബങ്ങളില്‍ നിന്നും നിര്‍ബന്ധിതമായി വിവാഹം കഴിച്ചയച്ചും മറ്റും വിദേശങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കാണ് അന്യനാടുകളില്‍ അടിമ വേലകള്‍ ചെയ്യേണ്ടി വരുന്നത്. അവിടെ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തുമ്പോഴാകട്ടെ വിദേശകാര്യ ഓഫീസില്‍ സ്വന്തം സംരക്ഷണത്തിന്റെ തുക തിരിച്ചേല്‍പ്പിക്കേണ്ടിയും വരുന്നു.

Top