UK feared India-Pakistan nuclear war in 2001: Iraq war inquiry

ലണ്ടന്‍: 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവയുദ്ധം ഉണ്ടായേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്.

2003ലെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന് മുന്നില്‍ ബ്രിട്ടന്റെ അന്നത്തെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സായുധ പോരാട്ടം ഒഴിവാക്കാന്‍ ബ്രിട്ടന്‍ അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു

ഇന്റലിജന്‍സ് പിഴവാണ് ഇറാഖ് അധിനിവേശത്തിലേക്ക് നയിച്ചതെന്ന് ജാക്ക് സ്‌ട്രോ പറഞ്ഞു. ഈ കാലയളവില്‍ നിലനിന്ന മറ്റ് വിഷയങ്ങള്‍ക്കൊപ്പമാണ് ഇന്ത്യാ പാക് വിഷയവും സ്‌ട്രോ സൂചിപ്പിച്ചത്.

2001 ഡിസംബര്‍ 13 നുണ്ടായ ഇന്ത്യന്‍ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായേക്കാവുന്ന ഏറ്റമുട്ടല്‍ ബ്രിട്ടനേയും അമേരിക്കയേയും അസ്വസ്ഥമാക്കിയിരുന്നുവെന്ന് സ്‌ട്രോ തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബ്രിട്ടനും അമേരിക്കയും തമ്മില്‍ സംയുക്ത നീക്കങ്ങളാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലുമായുള്ള തന്റെ അടുത്ത ബന്ധത്തിന്റെ അടിസ്ഥാനമെന്നും സ്‌ട്രോ പറഞ്ഞു.

ഇന്ത്യാ-പാക് പ്രശ്‌നം ആണയുദ്ധമായേക്കുമെന്ന് ഭയപ്പെട്ടിരുന്ന സ്‌ട്രോ അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നതായി അന്നത്തെ വിദേശ കാര്യ വക്താവും മാധ്യമ ഉപദേശകനുമായിരുന്ന ജോണ്‍ വില്യംസും അന്വേഷണ കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്.

Top