തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ; കേവല ഭൂരിപക്ഷമില്ലാതെ ബ്രിട്ടനില്‍ തൂക്കുസഭ

ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ.

പാര്‍ലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 641 സീറ്റുകളില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 260 സീറ്റുകള്‍ നേടിയിട്ടുണ്ട്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റ് നേടിയെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് 15 സീറ്റ് നഷ്ടമായി. ലിബറല്‍ ഡെമോക്രാറ്റിക്കുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും 10 വീതം സീറ്റുകളില്‍ വിജയിച്ചു.

സ്വാതന്ത്ര്യവാദമുയര്‍ത്തിയ എസ്.എന്‍.പി.ക്ക് കനത്ത തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെയുളള അമ്പത്തൊമ്പതില്‍ 56 സീറ്റും നേടി സ്‌കോട്ട്‌ലന്‍ഡ് ഒന്നാകെ തൂത്തുവാരിയ അവര്‍ക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ. അലക്‌സ് സാല്‍മണ്ട് ഉള്‍പ്പെടെയുള്ള എസ്.എന്‍.പി.യുടെ പല പ്രമുഖരും ദേശീയപാര്‍ട്ടി സ്ഥാനാര്‍ഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ മാറി. നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കിയത്.

സമീപകാലത്ത് മാഞ്ചസ്റ്ററിലും ലണ്ടനിലുമുണ്ടായ സ്‌ഫോടന പരമ്പരകളാണ് തെരേസ മേയ്ക്ക് തിരിച്ചടി നേരിട്ടതില്‍ ഒരു പ്രധാന കാരണം.

തിരഞ്ഞടുപ്പുഫലത്തെ സ്വാഗതം ചെയ്ത ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേയ്ക്ക് രാജിവച്ചുപോകാന്‍ സമയമായി എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യം രാഷ്ട്രീയ സ്ഥിരതയാണ് ആവശ്യപ്പെടുന്നതെന്നും അത് തന്റെ പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നുമാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം.

50 ലക്ഷത്തോളംവരുന്ന വോട്ടര്‍മാര്‍ക്കായി 40,000ത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്

Top