സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച ഡോക്ടര്‍ യുകെയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടണ്‍: മുന്‍ നിരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ഇല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കോവിഡ് -19 ബാധിച്ച് മരിച്ചു.

റോംഫോര്‍ഡിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടറായ 53 കാരന്‍ അബ്ദുല്‍ മബുദ് ചൗധരി ആണ് മരിച്ചത്. ബംഗ്ലാദേശ് വംശജനായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷത്തോളമായി എന്‍എച്ച്എസില്‍ ജോലി ചെയ്തുവരികയായിരുന്നു.15 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നതിന് ശേഷമാണ് ചൗധരി മരണത്തിന് കീഴടങ്ങിയത്.

മാര്‍ച്ച് 18-നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമാരക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനോട് അഭ്യര്‍ഥിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇദ്ദേഹം ഇട്ടത്. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്. പക്ഷെ ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

രോഗത്തില്‍നിന്ന് ഞങ്ങളേയും കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഓരോ എന്‍.എച്ച.എസ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ബോറിസ് ജോണ്‍സണിനോട് ആവശ്യപ്പെട്ടിരുന്നു.

Top