നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് ; 25ന് ഹാജരാക്കണമെന്ന് ലണ്ടന്‍ കോടതി

ലണ്ടന്‍ : വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ വായ്പാ തട്ടിപ്പ് കേസിൽ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.

വെസ്റ്റ്മിന്‍സ്റ്റർ കോടതിയാണ് നീരവിനെതിരെ വാറന്റ് പുറപ്പെടുവിച്ചതെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 25ന് നീരവ് മോദിയെ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്.

നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിരുന്നു. അടുത്ത ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യാമെന്നാണു ലഭിക്കുന്ന വിവരം. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഇന്ത്യയുടെ അപേക്ഷയിൽ ഒപ്പു വച്ചിരിക്കുന്നത്. അറസ്റ്റിനുപിന്നാലെ കേസിലെ വിചാരണയും തുടങ്ങും.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട നീരവ് ലണ്ടനിലാണ് താമസിക്കുന്നതെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. നീരവ് മോദിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നീരവിനെതിരായ നടപടികള്‍ ഉടന്‍ കൈക്കൊള്ളാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.വ്യാജരേഖ ചമച്ച് മറ്റു രാജ്യങ്ങളിലേക്ക് നീരവ് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സി ബി ഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസമെന്നും ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരുമെന്നുമുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലണ്ടനില്‍വെച്ച് നീരവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്സ്’ എന്നുമാത്രമാണ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം നീരവ് യു കെയിലുണ്ടെന്ന കാര്യം 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടാണുള്ളതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അഭിഭാഷകരും മറ്റുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി നീരവ്, നിരവധി യൂറോപ്യന്‍ യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യക്ക് അറിയാമായിരുന്നെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Top