കൊറോണ സ്ഥിതി ഗുരുതരം; ബ്രിട്ടണിലേയ്ക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യൂറോപ്പ്

ലണ്ടന്‍: പുതിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്.

അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവയെല്ലാം വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നെതര്‍ലാന്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പ്രത്യേക തരം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്‌സീന്‍ പുറത്തിറക്കുന്നതുവരെ ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ ലോക്ഡൗണിലൂടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലണ്ടനിലും തെക്കുകിഴക്കന്‍ ബ്രിട്ടനിലും ഞായറാഴ്ച ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ 1.6 കോടിയിലധികം ജനങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിയുകയാണ്.

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങളെല്ലാം നിയന്ത്രിക്കാന്‍ ഉത്തരവുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് കൊണ്ടുവരാനുള്ള നീക്കവും സര്‍ക്കാര്‍ റദ്ദാക്കി. എന്നാല്‍, വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ കോവിഡ് 19 ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍കോവ് ബിബിസിയോട് പറഞ്ഞു.

Top