ട്രംപിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യുകെ സ്ഥാനപതി കിം ഡറോച്ച്‌ രാജിവച്ചു

ലണ്ടന്‍: യുഎസിലെ ബ്രിട്ടിഷ് അംബാസിഡര്‍ കിം ഡറോച്ച്‌ രാജിവച്ചു. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ആകെ അരാജകത്വമാണെന്നും പറയുന്ന ഡറോച്ചിന്റെ ഇമെയില്‍ പുറത്തു വന്നതിനെതുടര്‍ന്നുണ്ടായ വിവാദമാണ് രാജി വെയ്ക്കാന്‍ കാരണം.

‘യുഎസിലെ യുകെ എംബസിയില്‍ നിന്നുള്ള രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അംബാസഡര്‍ എന്ന നിലയിലുള്ള എന്റെ നിലനില്‍പ്പിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സ്ഥിതിക്ക് അവയ്‌ക്കെല്ലാം വിരാമമിടാന്‍ ഞാന്‍ തന്നെ തീരുമാനിച്ചു’ രാജിക്കത്തില്‍ കിം ഡാറോച്ച് ചൂണ്ടിക്കാട്ടി.

അംബാസഡര്‍ കിം ഡറോച്ചിന് പ്രധാന മന്ത്രി സ്ഥാനമൊഴിയുന്ന തെരേസ മേ പൂര്‍ണ പിന്തുണയുണ്ടെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നെങ്കിലും അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറിസ് ജോണ്‍സന്‍ തള്ളിപ്പറഞ്ഞതാണ് ഡറോച്ചിയെ സ്ഥാനം മൊഴിയാന്‍ നിര്‍ബന്ധിതനാക്കിയതെന്നാണ് വിവരം.

യുഎസിന്റെ ഇറാഖ് നയം സ്ഥിരതയില്ലാത്തതും കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്നും ലണ്ടനിലെ വിദേശകാര്യ ഓഫിസിലേക്ക് അയച്ച സന്ദേശങ്ങളില്‍ ഡാറോച്ച് വ്യക്തമാക്കി. തുടര്‍ന്നാണു ട്രംപ് ഡാറോച്ചിനെയും അദ്ദേഹത്തെ പിന്തുണച്ച പ്രധാനമന്ത്രി തെരേസ മേയെയും പരസ്യമായി അധിക്ഷേപിച്ചത്.

തെരേസ മേ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നാണ്‌ ട്രംപ് പറഞ്ഞത്.
ബ്രെക്സിറ്റ് ചര്‍ച്ചകളെ അവര്‍ വഷളാക്കിയെന്നും ട്രംപ് ആരോപിച്ചു. ബ്രിട്ടണിലെ പുതിയ പ്രധാന മന്ത്രിയുമായുള്ള ബന്ധം തന്റെ വ്യവസ്ഥകളനുസരിച്ചായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Top