ആധാർ വിവരങ്ങൾ ചോർത്തിയ സ്വകാര്യ കമ്പനിക്കെതിരെ പരാതിയുമായി യു.ഐ.ഡി.എ.ഐ

ബെംഗളൂരു:ഒരു വ്യക്‌തിയുടെ എല്ലാ വിവരങ്ങളും ആധാർ വഴി മനസിലാക്കാൻ സാധിക്കും എന്നതിനാലാണ് ആധാർ ഇന്ത്യയിൽ നിര്‍ബന്ധിത രേഖയായി മാറിയത്.

എന്നാല്‍, മറ്റൊരാളുടെ വിവരങ്ങൾ അനധികൃതമായി ശേഖരിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.

ഈ സാഹചര്യത്തിലാണ് യുണീക്ക് ഐഡന്റിറ്റി വികസന അതോറിറ്റി ഓഫ് ഇന്ത്യ ആധാർ വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിച്ച ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കെതിരെ പരാതി നൽകിയത്‌.

ഐഐടി ഖരഗ്പൂർ ബിരുദധാരിയായ അഭിനവ് ശ്രീവാസ്തവ 2012 ൽ ആരംഭിച്ച കമ്പനിക്കെതിരെയാണ് കേസ്.

അഭിനവ് ശ്രീവാസ്തവയുടെ കമ്പനി വികസിപ്പിച്ച ‘ഇകെവൈസി വെരിഫിക്കേഷൻ ‘എന്ന ആപ്പ് വഴിയാണ് ആധാർ വിവരങ്ങൾ ചോർത്തിയത്.

2017 ജനുവരി 1 നും 2017 ജൂലായ് 26 നും ഇടയിൽ ആധാർ വിവരങ്ങൾ നിയമവിരുദ്ധമായി കമ്പനി ഉപയോഗിച്ചു എന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥൻ അശോക് ലെനിൻ പറഞ്ഞു.

ക്വാർത് ടെക്നോളജീസ് ‘എക്സ് -പേ’ എന്നൊരു മൊബൈൽ പേയ്മെന്റ് അപ്പിക്കേഷൻ ആരംഭിച്ചിരുന്നു. ഇത് പിന്നീട് 2017 മാർച്ചിൽ ടാക്സി സർവീസ് ഒലെ ഏറ്റെടുത്തിരുന്നു.

ഒലെയിലെ ഒരു “ഹാക്കർ” ആയിട്ടാണ് ലിങ്ക്ഡനിൽ സ്വയം അഭിനവ് ശ്രീവാസ്തവ വിശേഷിപ്പിച്ചത്. ഇകെവൈസി വെരിഫിക്കേഷൻ ആപ്പ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ലഭിച്ചിരുന്നു.

ഉപഭോക്തൃ ആധാർ നമ്പർ, വിലാസം, മൊബൈൽ നമ്പർ, ജനന തീയതി തുടങ്ങിയവ ഈ ആപ്പ് വഴി വെരിഫൈ ചെയ്യുന്നതിലൂടെ വിവരങ്ങൾ കമ്പനി ശേഖരിച്ചിരുന്നു.

2017 ജൂൺ ഒന്ന് മുതൽ 50,000-1 ലക്ഷം വരെ ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തതായി പ്ലേ സ്റ്റോർ റിപ്പോർട്ടുകൾ പറയുന്നു.

ആപ്ലിക്കേഷനിലൂടെ ജനങ്ങളുടെ തിരിച്ചറിയൽ രേഖകൾ ചോർത്തിയെടുത്തത് സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്.

ആപ്പ് വഴി ആധാർ വെരിഫിക്കേഷൻ നടത്തിയവരുടെ വിവരങ്ങൾ കണ്ടെത്തുമെന്നും, മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു.

രേഷ്മ പി.എം

Top