ഉഹ്‌റു കെനിയാറ്റയുടെ വിവാദ വിജയത്തില്‍ കെനിയയില്‍ പ്രതിഷേധം; 24പേര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉഹ്‌റു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടര്‍ന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ 24 പേര്‍ കൊല്ലപ്പെട്ടു.

പോലീസും പ്രതിഷേധക്കാരും പലസ്ഥലങ്ങളിലും ഏറ്റുമുട്ടി. പോലീസ് വെടിവയ്പിലാണ് മിക്കവരും കൊല്ലപ്പെട്ടത്.

മരിച്ചവരില്‍ ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി കെനിയന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

കെനിയാറ്റയോട് പരാജയപ്പെട്ട റയ്ല ഒഡിംഗ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ചതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. ഫലം തെറ്റായാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

2007-ല്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട ലഹളയില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top