‘ഡി- റിസർവ്’ ചെയ്യാനുള്ള യു ജിസിയുടെ കരട് മാർഗനിർദേശം; വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്സി/എസ്ടി, ഒബിസി ഉദ്യോഗാര്‍ഥികളുടെ സംവരണം ‘ഡി- റിസര്‍വ്’ ചെയ്യാനുള്ള യു ജിസിയുടെ കരട് മാര്‍ഗനിര്‍ദേശത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സംവരണ തസ്തികകളില്‍ മതിയായ ഉദ്യോഗാര്‍ഥികളില്ലെങ്കില്‍ അവ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റമെന്നായിരുന്നു 2023ല്‍ യു ജി സി പുറത്തിറക്കിയ കരടില്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ‘ഡി റിസര്‍വ്’ നടത്താന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

സാധാരണ ഗതിയില്‍ നേരിട്ടുള്ള റിക്രൂട്‌മെന്റ് നടക്കുമ്പോള്‍ സംവരണമുള്ള തസ്തികകളില്‍ ഡി റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ അസാധാരണമായ സാഹചര്യങ്ങളില്‍ സര്‍വകലാശാലയ്ക്ക് മതിയായ കാരണമുണ്ടെകില്‍ അത് ചെയ്യാം എന്നായിരുന്നു യുജിസി ശിപാര്‍ശ. എല്ലാ കേന്ദ്ര സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതോ യുജിസിയുടെ സഹായം ലഭിക്കുന്നതോ ആയ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമായിരുന്നു. പ്രൊമോഷന്‍ നയങ്ങളെയും കൂടി ഉള്‍പ്പെടുത്തുന്ന നിര്‍ദേശത്തില്‍. സംവരണ വിഭാഗ തസ്തികകളില്‍ കുറവുണ്ടായിട്ടുണ്ടെന്നും സ്ഥാപനങ്ങള്‍ രണ്ടാം തവണയും റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ച് ഒഴിവുള്ള തസ്തികകള്‍ നികത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.ജനുവരി 28-നകം പൊതുജനാഭിപ്രായം അറിയിക്കാമെന്ന അറിയിപ്പോടെ 2023 ഡിസംബര്‍ 27നാണ് ഡി റിസര്‍വേഷന്‍ സംബന്ധിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡിസംബര്‍ 27-ന് യുജിസി പങ്കുവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ എച്ച് എസ് റാണ മേധാവിയായ നാലംഗ സമിതിയായിരുന്നു കരട് തയാറാക്കിയത്. ഒരു സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കും ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള നികത്തപ്പെടാത്ത ക്വാട്ട തസ്തികകളുടെ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ചായിരുന്നു നിര്‍ദേശം.

ഡി റിസര്‍വ് സംബന്ധിച്ച യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് വലിയ എതിര്‍പ്പുകളാണ് പല കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്കുള്ള സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചിരുന്നു. വിവാദത്തിന് മറുപടിയായി യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാറിനെതിരെ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ (ജെഎന്‍യുഎസ്യു) തിങ്കളാഴ്ച പ്രതിഷേധ പ്രകടനവും പ്രഖ്യാപിച്ചിരുന്നു.

Top