കോവിഡ് വ്യാപനം; സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണം: യുജിസി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യുജിസി. അവസാന വര്‍ഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവെക്കാനും നിര്‍ദേശമുണ്ട്.

കോവിഡ് മൂലം അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാനായിരുന്നു യുജിസിയുടെ നേരത്തേയുളള നിര്‍ദ്ദേശം. എന്നാല്‍ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിര്‍ദ്ദേശം. അവസാനവര്‍ഷ പരീക്ഷയ്ക്ക് പകരം നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയും സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകള്‍ കണക്കിലെടുത്ത് മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അക്കാദമിക്ക് വര്‍ഷാരംഭവും പരീക്ഷ നടത്തിപ്പും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top