വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് യുജിസി മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചു മുതല്‍ അടച്ചിട്ട സര്‍വകലാശാലകളും കോളേജുകളും തുറക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട പ്രതിരോധ നടപടികളാണ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്ലാസുകള്‍ ഘട്ടം ഘട്ടമായി തുറക്കുകയും സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറികളില്‍ സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച് 50 ശതമാനം വരെ വിദ്യാര്‍ത്ഥികളെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കും.

കേന്ദ്രസര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ അതത് സ്ഥാപനമേധാവിമാര്‍ക്ക് തീരുമാനിക്കാമെന്നും യു.ജി.സി. അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ അതത് സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.

സ്ഥാപനങ്ങള്‍ കണ്‍ണ്ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ പ്രവര്‍ത്തിക്കരുത്. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്ഥാപനത്തില്‍ പ്രവേശിക്കരുത്. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മുഴുവന്‍ സമയം മാസ്‌ക് ധരിക്കണം, ഹാന്‍ഡ് സാനിറ്റൈസറുകള്‍ എല്ലാവരും ഉപയോഗിക്കണം. സംശയാസ്പദമായി രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണം. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, ശുചിത്വ പരിശോധന എന്നിവയ്ക്കായി കര്‍മസമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Top