ഉന്നത വിദ്യാഭ്യാസം;റാങ്ക് അടിസ്ഥാനത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍, പ്രശ്‌നങ്ങള്‍

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് റാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്ന് വിദഗ്ധര്‍. പൊതു ധനസമാഹരണം പൊതു വിദ്യാഭ്യാസ രംഗത്തെ വളരെയധികം ശക്തിപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ ലക്ഷ്യങ്ങളെക്കൂടി ത്വരിതപ്പെടുത്തുന്നു. റാങ്ക് അടിസ്ഥാനത്തില്‍ മാത്രമുള്ള ഫണ്ട് വിനിയോഗം ഭൂരിപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തലുകള്‍.

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ആക്ട് 1972 ഭേദഗതി പ്രകാരം പൊതു സര്‍വ്വകലാശാലകള്‍ ഏതെങ്കിലും തരത്തിലുള്ള കേന്ദ്ര-കമ്മീഷന്‍-സംഘടനാ ഫണ്ടുകള്‍ സ്വീകരിക്കണമെങ്കില്‍ യുജിസിയുടെ വ്യക്തമായ അനുമതി നേടിയിരിക്കണം. യുജിസി ചട്ടങ്ങള്‍ അനുസരിച്ചുള്ള യോഗ്യത സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകള്‍ക്ക് വേണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

12ബി വിഭാഗത്തില്‍പ്പെടുന്ന സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും സാപ് (സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം) വഴിയുള്ള ഫണ്ടും ലഭിക്കുന്നു. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള റിസര്‍ച്ച് വിഭാഗം പോലുള്ളവയ്ക്ക് വേണ്ടി ഫണ്ട് അനുവദിക്കുന്നവയാണിത്. ഡിആര്‍എസ്, ഐഎഎസ്ഇ തുടങ്ങിയവയും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന സഹായ പദ്ധതികളാണ്. സിപിഇ, യുപിഇ എന്നിവയും പിന്നീട് വന്നവയാണ്.

നിലവില്‍ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് നല്‍കുന്നത്. സ്വയംഭരണാവകാശം, മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങിയ പദവികള്‍ ഇത്തരത്തില്‍ റാങ്കിംഗ് തീരുമാനിക്കുന്നതാണ്. ആര്‍യുഎസ്എ പദ്ധതി അനുസരിച്ച്, മികച്ച സ്ഥാപനങ്ങളായി വിലയിരുത്തപ്പെടുകയോ അക്രിഡിറ്റേഷന്‍ ലഭിക്കുകയോ ചെയ്ത കോളേജ്, യൂണിവേഴ്‌സിറ്റികള്‍ക്കാണ് ഫണ്ട് ലഭിക്കുകയുള്ളൂ. മികവ് എന്ന ഒറ്റ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫണ്ടുകളെല്ലാം ലഭ്യമാകുന്നത് എന്ന് ചുരുക്കം. അതിനുള്ള കുറുക്കു വഴിയാണ് റാങ്കിംഗ്.

ഇന്ത്യയില്‍ ചുരുക്കം ചില യൂണിവേഴ്‌സിറ്റികളും കോളേജുകളും മാത്രമാണ് ഈ വിധത്തില്‍ യോഗ്യത നേടിയിരിക്കുന്നത്. കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറ്റമില്ലാതെ തുടരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പേരില്‍ പുതിയ കോളേജുകള്‍ രാജ്യത്ത് ആരംഭിക്കുന്നുണ്ട്. റിലയന്‍സിന്റെ സ്ഥാപനത്തിന് ഇപ്പോള്‍ തന്നെ റാങ്ക് നല്‍കിക്കഴിഞ്ഞു. നിലവിലെ ഫണ്ടിംഗ് സംവിധാനങ്ങള്‍ ജനാധിപത്യപരമാക്കി, കൂടുതല്‍ സീറ്റുകള്‍ നല്‍കി ഉള്ള കേന്ദ്രങ്ങള്‍ മികവുറ്റതാക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Top