സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ ആചരിക്കണമെന്ന് കോളേജുകള്‍ക്ക് യുജിസിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയ സെപ്തംബര്‍ 29ന് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ’ ആയി ആചരിക്കാന്‍ രാജ്യത്തെ സര്‍വകലശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യുജിസി നിര്‍ദേശം.

‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ദിനാചരണത്തോട് അനുബന്ധിച്ച് വിരമിച്ച പട്ടാളക്കാരുടെ പ്രഭാഷണം, പ്രത്യേക പരേഡ്, എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിക്കാനും യുജിസി നിര്‍ദേശിച്ചിട്ടുണ്ട്. സായുധ സേനകള്‍ക്ക് ആശംസനേര്‍ന്നുകൊണ്ട് കാര്‍ഡ് അയക്കാനും യുജിസി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 29ന് സര്‍വകലാശാലകളിലെ എന്‍സിസി യൂണിറ്റുകള്‍ പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കണമെന്നും യുജിസി നിര്‍ദേശിച്ചു.

2016 സെപ്റ്റംബര്‍ 28, 29 നാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയത്. ജമ്മുകശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സൈന്യം മിന്നലാക്രമണം നടത്തിയത്.

Top