ഒളിമ്പിക്‌സ് വില്ലേജില്‍ നിന്ന് കടന്നുകളഞ്ഞ ഉഗാണ്ടന്‍ താരത്തെ കണ്ടെത്തി

ടോക്യോ: ഒളിമ്പിക്‌സ് വില്ലേജില്‍ നിന്ന് കടന്നുകളഞ്ഞ ഉഗാണ്ടന്‍ താരത്തെ കണ്ടെത്തി. നാലു ദിവസം മുന്‍പ് കാണാതായ ഉഗാണ്ടന്‍ ദ്വാരോദ്വഹന താരം ജൂലിയസ് സെസ്‌കിറ്റോലക്കയെയാണ് ഇന്ന് ജപ്പാന്‍ പൊലീസ് കണ്ടെത്തിയത്. ഉഗാണ്ടയിലെ ദുരിതജീവിതം കാരണം തിരികെ പോകുന്നില്ലെന്നും ജപ്പാനില്‍ ജോലി കണ്ടെത്തി ഇവിടെ കഴിയുകയാണ് തന്റെ ലക്ഷ്യമെന്നും കത്തെഴുതി വച്ചിട്ടാണ് ജൂലിയസ് കടന്നുകളഞ്ഞത്.

ടോക്കിയോയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള യോക്കൈച്ചി എന്ന സ്ഥലത്തുവച്ചാണ് പൊലീസ് 20കാരനായ ജൂലിയസ് സെസ്‌കിറ്റോലക്കയെ കണ്ടെത്തിയത്. തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു എന്നും ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചു എന്നും പൊലീസ് അറിയിച്ചു. സെന്‍ട്രല്‍ ജപ്പാനില്‍ അദ്ദേഹം തൊഴില്‍ തേടി നടക്കുകയായിരുന്നു എന്നും പൊലീസ് പ്രതികരിച്ചു.

അതേസമയം, ഒളിമ്പിക്‌സ് വില്ലേജില്‍ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. ജപ്പാനിലെ പകുതിയിലേറെ പേര്‍ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്സ് നടത്തിപ്പിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്സ് സംഘാടക സമിതി ചെയര്‍മാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്സ് നടത്തുന്നത്. 42 വേദികളില്‍ 3 വേദികളില്‍ മാത്രമാണ് കാണികള്‍ക്ക് പ്രവേശനം.

ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. കായികതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സും അടക്കം 201 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ടോക്കിയോ ഒളിമ്പിക്സിനായി എത്തിയത്. ഇതില്‍ 126 കായിക താരങ്ങളും 75 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യല്‍സുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

 

 

Top