പറക്കുംതളികകള്‍ ശബ്ദസീമ മുറിച്ചുകടന്നതിന് തെളിവുണ്ടെന്ന് യുഎസ്

ലോകത്ത് പലയിടത്തും ആകാശത്ത് പ്രത്യക്ഷപ്പെട്ട നിഗൂഢമായ വസ്തുക്കളെപ്പറ്റി (യുഎഫ്ഓ) പല കഥകളും പ്രചരിച്ചിരുന്നു. ഭൂമി സന്ദര്‍ശിക്കാനെത്തുന്ന അന്യഗ്രഹജീവികളുടെ പേടകങ്ങളാണ് അവയെന്നായിരുന്നു ഒരു വിഭാഗം ആളുകള്‍ എക്കാലവും വാദിച്ചിരുന്നത്. എന്നാല്‍ ഇതിനു തെളിവുകളൊന്നുമില്ലെന്ന നിലപാടിലായിരുന്നു ശാസ്ത്രലോകം ഇതുവരെ. എന്നാല്‍ ഇതുസംബന്ധിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിരിക്കുകയാണ് യുഎസ് മുന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍

പറക്കുംതളികകളുടേതായി പൊതുജനങ്ങള്‍ കണ്ടിട്ടുള്ളതിലധികം വീഡിയോകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് റാറ്റ്ക്ലിഫ് പറഞ്ഞു. ഇതില്‍ ചില സംഭവങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. നേവി, വ്യോമസേനാ പൈലറ്റുമാര്‍ പകര്‍ത്തിയ ചിത്രങ്ങളും ഉപഗ്രഹ ചിത്രങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ പേടകങ്ങളുടെ ചലനങ്ങള്‍ സംബന്ധിച്ച് എളുപ്പത്തില്‍ തങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന് നിലവില്‍ സാധ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുകരിക്കാന്‍ പറ്റാത്ത ചലനങ്ങളാണ് ഇവയുടേത്. കൂടാതെ സോണിക് ബൂം പുറപ്പെടുവിക്കാതെ തന്നെ ശബ്ദസീമ മറികടക്കുന്നതും വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സൂപ്പര്‍സോണിക് വിമാനങ്ങള്‍ ശബ്ദത്തിന്റെ വേഗത മറികടക്കുമ്പോള്‍ വലിയ പ്രകമ്പനം ഭൂമിയില്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഈ സോണിക് ബൂം കൂടാതെ പറക്കുംതളികകള്‍ സൂപ്പര്‍ സോണിക് വേഗതയാര്‍ജിക്കുന്നതിന് യുഎസിന്റെ കൈവശം തെളിവുകളുണ്ടെന്നാണ് നാഷണല്‍ ഇന്റലിജന്‍സിന്റെ മുന്‍ മേധാവി ജോണ്‍ റാറ്റ്ക്ലിഫ് വ്യക്തമാക്കിയത്. ഫോക്‌സ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പറക്കുംതളികകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് യുഎസ് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടാനിരിക്കേയാണ് ജോണ്‍ റാറ്റ്ക്ലിഫ് റിപ്പോര്‍ട്ടിലെ സൂചനകള്‍ പുറത്തു വിടുന്നത്. പറക്കുംതളികകള്‍ പ്രത്യക്ഷപ്പെട്ടതു സംബന്ധിച്ച പല സംഭവങ്ങള്‍ക്കും എളുപ്പത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പറക്കുംതളികകളുടേതായി ലോകത്ത് എല്ലായിടത്തു നിന്നും ലഭിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് റാറ്റ്ക്ലിഫ് പറയുന്നത്. എന്നാല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഏതെങ്കിലും പൈലറ്റോ ഉപഗ്രഹമോ പകര്‍ത്തിയ ദൃശ്യങ്ങളോ എന്തെങ്കിലും ഇന്റലിജസ് വിവരങ്ങളോ മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവരങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ നിരവധി സെന്‍സറുകളുണ്ടെന്നും ഇതില്‍ ചില സംഭവങ്ങള്‍ക്കാണ് വിശദീകരണമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതില്‍ കൂടുതല്‍ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറക്കുംതളികകളുടേതെന്നു കരുതപ്പെടുന്ന ദൃശ്യങ്ങള്‍ ഏതെങ്കിലും വിദേശരാജ്യങ്ങളുടെ പ്രവൃത്തിയാണോ എന്നത് ഉള്‍പ്പെടെ പരിശോധിക്കാനായിരുന്നു ട്രംപ് സര്‍ക്കാര്‍ പെന്റഗണിനെയും ഇന്റലിജന്‍സ് വൃത്തങ്ങളെയും ചുമതലപ്പെടുത്തിയത്. ഈ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

 

 

Top