യുവേഫയുടെ നിര്‍ണായക കണ്‍വെന്‍ഷന്‍; ബാഴ്സലോണ, റയല്‍, യുവന്റസ് ക്ലബുകള്‍ പുറത്ത്

നിയോണ്‍: യുവേഫയുടെ നിര്‍ണായക കണ്‍വെന്‍ഷനില്‍ നിന്ന് യൂറോപ്യന്‍ വമ്പന്മാരായ ബാഴ്സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ പുറത്ത്. സൂപ്പര്‍ ലീഗ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന മൂന്ന് ക്ലബുകളെയും സെപ്റ്റംബര്‍ 9, 10 തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിട്ടില്ല.

കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യാനാണ് നിര്‍ണായക യോഗം. യൂറോപ്യന്‍ ക്ലബ് പ്രതിനിധികള്‍, അംഗരാജ്യങ്ങള്‍, ലീഗ് പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

കളിക്കാരുടെ വേതനം ക്ലബ് വരുമാനത്തിന്റെ 70 ശതമാനത്തില്‍ കൂടരുത് എന്ന നിബന്ധന ചര്‍ച്ചയില്‍ ഉയരുമെന്നാണ് സൂചന. 6,7 തീയതികളില്‍ നടക്കുന്ന യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ മീറ്റിങ്ങുകളിലും ബാഴ്സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ പങ്കെടുക്കില്ല.

യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകള്‍ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു.

എ സി മിലാന്‍, ഇന്റര്‍ മിലാന്‍, അത്ലറ്റിക്കോ മാഡ്രിഡ്, ആഴ്സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകള്‍ ആണ് പിന്മാറിയത്. എന്നാല്‍ ടൂര്‍ണമെന്റ് നടത്താനുള്ള നീക്കവുമായി ബാഴ്സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ മുന്നോട്ടുപോവുകയായിരുന്നു.

 

Top