യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍; ഫ്രാന്‍സിനെ വീഴ്ത്തി ഹോളണ്ട്

യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോക ജേതാക്കളായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഹോളണ്ട്. ഗ്രൂപ്പ് എയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഹോളണ്ട് ഫ്രാന്‍സിനെ വീഴ്ത്തിയത്. ഇരുപകുതികളിലുമായി ജോര്‍ജിയോ വിനാല്‍ഡം, മെംഫിസ് ഡിപ്പായ് എന്നിവരുടെ ഗോളുകളാണ് ഓറഞ്ച് പടയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടിലും തോറ്റ ജര്‍മനി ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു.

കളിയുടെ തുടക്കം മുതല്‍ മികച്ചു നിന്ന ഡച്ചുകാര്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കി. ഒടുവില്‍ 44ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം വിനാല്‍ഡമിലൂടെ അര്‍ഹിച്ച ലീഡും അവര്‍ സ്വന്തമാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷവും കളിയിലേക്കു തിരിച്ചുവരുമെന്ന സൂചനകളൊന്നും ഫ്രഞ്ച് പട നല്‍കിയില്ല. ഒടുവില്‍ ഇഞ്ചുറിടൈമില്‍ ലോക ചാമ്പ്യന്‍മാരുടെ നാണക്കേടും ജര്‍മനിയുടെ പതനവും പൂര്‍ത്തിയാക്കി ഡിപ്പായ് മനോഹരമായ പെനല്‍റ്റിയിലൂടെ ഹോളണ്ടിന്റെ രണ്ടാം ഗോളും നിക്ഷേപിക്കുകയായിരുന്നു.

Top