യുവേഫ നേഷന്‍സ് ലീഗ്; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ഫൈനലില്‍ കടന്ന് ക്രൊയേഷ്യ

 

യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലില്‍. സെമിയില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്ദ്രേ ക്രെമരിച്, മരിയോ പസലിച്, ബ്രൂണോ പെറ്റ്‌കോവിച്, ലൂക്ക മോഡ്രിച് എന്നിവര്‍ ക്രൊയേഷ്യക്കായും ഡോണ്യെല്‍ മലെന്‍, നോവ ലാങ്ങ് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായും സ്‌കോര്‍ ചെയ്തു. സ്‌പെയിനും ഇറ്റലിയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാവും ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍.

34ആം മിനിട്ടില്‍ ഡോണ്യെല്‍ മലെനിലൂടെ നെതര്‍ലന്‍ഡ്‌സ് ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 55ആം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെ ക്രെമരിച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചു. 72ആം മിനിട്ടില്‍ പസലിച് ക്രൊയേഷ്യക്ക് കളിയില്‍ ആദ്യമായി ലീഡ് സമ്മാനിച്ചു. ക്രൊയേഷ്യ വിജയത്തിലേക്ക് കുതിക്കവെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോവ ലാങ്ങ് നെതര്‍ലന്‍ഡിനു സമനില നല്‍കി. ഇതോടെ കളി അധികസമയത്തിലേക്ക്. 98ആം മിനിട്ടില്‍ പെറ്റ്‌കോവിചിലൂടെ വീണ്ടും ലീഡെടുത്ത ക്രൊയേഷ്യ 116ആം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ വിജയമുറപ്പിച്ചു. മോഡ്രിച് ആണ് കിക്കെടുത്തത്.

അവസാനത്തെ 16 മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. അര്‍ജന്റീനയായിരുന്നു ആ മത്സരത്തില്‍ എതിരാളികള്‍.

 

Top