യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച വമ്പന്‍ ക്ലബുകള്‍ക്കെതിരെ യുവേഫ ഉടന്‍ നടപടിക്കില്ല

നിയോണ്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച മൂന്ന് വമ്പന്‍ ക്ലബുകള്‍ക്കെതിരായ നടപടി മരവിപ്പിച്ച് യുവേഫ. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അച്ചടക്കനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് യുവേഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്.

മൂന്ന് ക്ലബുകള്‍ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. എ സി മിലാന്‍, ഇന്റര്‍ മിലാന്‍, അത്ലറ്റിക്കോ മാഡ്രിഡ്, ആഴ്സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകള്‍ ആണ് പിന്മാറിയത്.

എന്നാല്‍ ടൂര്‍ണമെന്റ് നടത്താനുള്ള നീക്കവുമായി ബാഴ്സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ മുന്നോട്ടുപോകുയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയാല്‍ കോടതിയെ സമീപിക്കുമെന്ന് ബാഴ്സലോണ വ്യക്തമാക്കിയിരുന്നു.

‘ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കിയാല്‍ മാപ്പ് പറയാനോ പിഴ അടയ്ക്കാനോ ബാഴ്സലോണ തയ്യാറാവില്ല. ക്ലബ് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബിന്റെ താല്‍പര്യത്തിന് വേണ്ടി പോരാടും, സുസ്ഥിരമായ ഒരു ഫുട്ബാള്‍ മാതൃക വികസിപ്പിക്കും’ എന്നുമായിരുന്നു ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയുടെ മറുപടി.

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച ക്ലബുകള്‍ യുവേഫയുടെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവേഫ ക്ലബുകള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങിയത്.

വിഷയത്തില്‍ അനുനയത്തിന് ഫിഫ ശ്രമിച്ചെങ്കിലും ക്ലബുകള്‍ക്കെതിരായ നടപടിയില്‍ പിന്നോട്ടില്ല എന്ന് യുവേഫ നേരത്തെ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന്വിലക്കുന്നതടക്കമുള്ള നടപടിഇപ്പോള്‍ വേണ്ട എന്നാണ് യുവേഫയുടെ പുതിയ നിലപാട്.

 

Top