യുവേഫ യുറോപ ലീഗ്; നാപോളിയെ രണ്ടിനെതിരെ നാല് ഗോളിന് ബാഴ്‌സ തകര്‍ത്തു

റോം: യുവേഫ യൂറോപ ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം. പ്ലേഓഫില്‍ നാപോളിയെ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്സ തകര്‍ത്തത്. ആദ്യപാദം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ജോര്‍ഡി ആല്‍ബ, ഫ്രാങ്കി ഡോ യോംഗ്, ജെറാര്‍ഡ് പിക്വെ, ഔബമയംഗ് എന്നിവരാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. ലൊറന്‍സൊ ഇന്‍സിഗ്‌നെ, മാതിയോ പൊളിറ്റാനോ എന്നിവരുടെ വകയായിരുന്നു നേപ്പിള്‍സിന്റെ ഗോളുകള്‍.

എട്ടാം മിനിറ്റില്‍ ആല്‍ബയുടെ ഗോളില്‍ ബാഴ്സ ലീഡെടുത്തു. അഡാമ ട്രയോറെയാണ് വഴിയൊരുക്കിയത്. 13-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ഡി യോംഗിന്റെ വകയായിരുന്നു ഗോള്‍. ഫെറാന്‍ ടോറാണ് സഹായമെത്തിച്ചത്. 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇന്‍സിഗ്‌നെ നാപോളിക്കായി ഒരു ഗോള്‍ മടക്കി. എന്നാല്‍ ആക്രമണം തുടര്‍ന്ന ബാഴ്സ 45-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി. ഇത്തവണ പിക്വെയാണ് ലീഡുയര്‍ത്തിയത്. ആദ്യ പകുതി ഈ നിലയില്‍ അവസാനിച്ചു.

59-ാം മിനിറ്റില്‍ അഡാമ മറ്റൊരു ഗോളിന് കൂടി വഴിയൊരുക്കി. ഇത്തവണ ഔബമയംഗാണ് വലകുലുക്കിയത്. ആഘാതത്തില്‍ നിന്ന് തിരിച്ചുകയറാന്‍ നാപോളിക്ക് സാധിച്ചില്ല. 87-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ തിരിച്ചടിച്ചതാണ്് ഇറ്റാലിയന്‍ ടീമിന് ആശ്വാസമായത്. രണ്ട് പാദങ്ങളിലുമായി 5-3നാണ് ബാഴ്സ ജയിച്ചത്. അതേസമയം ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പുറത്തായി.

റേഞ്ചേഴ്സിനോട് 2-2 സമനിലയില്‍ പിരിഞ്ഞതോടെയാണ് ജര്‍മന്‍ വമ്പന്മാര്‍ പുറത്തായത്. ആദ്യ പാദത്തില്‍ ടീം 4-2ന് തോറ്റിരുന്നു. ജെയിംസ് ടവനിയറിന്റെ ഇരട്ട ഗോളുകളാണ് സ്‌കോട്ടിഷ് ടീമിന് മുന്നോട്ടുള്ള വഴിയൊരുക്കിയത്. ലാസിയോയെ വീഴ്ത്തി പോര്‍ട്ടോയും മുന്നേറും ആദ്യപാദത്തിലെ 2-1ന്റെ ജയമാണ് പോര്‍ട്ടോയ്ക്ക് ഗുണമായത്. രണ്ടാംപാദം 2-2ന് അവസാനിച്ചു.

ആദ്യ പാദത്തില്‍ റയല്‍ സോസിദാഡിനോട് 2-2 നു സമനില വഴങ്ങിയ ആര്‍ ബി ലൈപ്സിഗ് രണ്ടാം പാദത്തില്‍ 3-1 നു ജയം കണ്ടു. ജര്‍മ്മന്‍ ക്ലബിന് ആയി വില്ലി ഓര്‍ബന്‍, ആന്ദ്ര സില്‍വ, എമില്‍ ഫോര്‍സ്ബര്‍ഗ് എന്നിവര്‍ ആണ് ഗോളുകള്‍ നേടിയത്. ആദ്യപാദത്തില്‍ ഒളിമ്പിയാകോസിനെ 2-1 നു തോല്‍പ്പിച്ച അറ്റ്ലാന്റ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആണ് ജയിച്ചത്.

Top