യുവേഫ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്കും റയൽ മാഡ്രിഡിനും വിജയം

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കും റയൽ മാഡ്രിഡിനും വിജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ഡെൻമാർക്ക് ക്ലബ് കോപ്പൻഹേഗനെ പരാജയപ്പെടുത്തി. 10-ാ മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ, 45-ാം മിനിറ്റിൽ ബെർണാഡോ സിൽവ, 92-ാം മിനിറ്റിൽ ഫിൽ ഫോഡൻ എന്നിവർ സിറ്റിക്കായി ​ഗോൾ നേടി. 34-ാം മിനിറ്റിൽ മാഗ്നസ് മാറ്റ്സൺ ആണ് കോപ്പൻഹേ​ഗനായി ഒരു ​ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് ജർമ്മൻ ക്ലബായ ആർ ബി ലൈപ്സിഗിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ​ഗോളിനാണ് റയൽ മാഡ്രിഡിന്റെ വിജയം. 48-ാം മിനിറ്റിൽ ബ്രാഹിം ഡയസാണ് റയലിനായി വിജയ​ഗോൾ നേടിയത്.

നാളെ പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബ് പി എസ് ജി സ്പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെ നേരിടും. മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് ഇറ്റാലിയൻ ക്ലബ് ലാസിയോയെയും നേരിടും.

Top